തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന മുട്ടം എള്ളുംപുറം അരീപ്ലാവൻ സിബി തോമസിന്റെ (49) സ്ഥാപനത്തിൽ നിന്ന് പൊലീസ് കണക്കിൽപ്പെടാത്ത പണവും ചെക്കുകളും രേഖകളും പിടിച്ചെടുത്തു. സിബി തോമസിന്റെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന അരീപ്ലാവൻ ഫൈനാൻസിന്റെ സ്‌ട്രോംഗ് റൂമിൽ നിന്നാണ് പണവും മറ്റ് രേഖകളും പിടിച്ചെടുത്തത്. സിബി തോമസിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷണം നടത്തുന്ന കുളമാവ് സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് സ്ഥാപനത്തിന്റെ സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധന നടത്തി പണവും രേഖകളും പിടിച്ചെടുത്തത്. 22,11,000 രൂപയും ചെക്കുകളും മറ്റു രേഖകളുമാണ് സ്‌ട്രോങ്ങ് റൂമിൽ നിന്ന് കണ്ടെടുത്തത്. സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ കളഞ്ഞു പോയെന്നായിരുന്നു സിബി തോമസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. പിടിച്ചെടുത്ത പണവും മറ്റ് രേഖകളും സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൃത്രിമ രേഖകൾ ചമച്ച് വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി കടക്കെണിയിലാക്കി വഞ്ചിച്ച കേസിൽ സിബി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്ത് 16 ദിവസമായി ഇയാൾ റിമാൻഡിലാണ്. ഇയാൾക്ക് എതിരെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കേസിൽ രണ്ടാം പ്രതിയും ഇയാളുടെ ബിസിനസ് പങ്കാളിയുമായ മേലുകാവ് സ്വദേശിനി അശ്വതിക്കുട്ടി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമിയുടെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ചത്. ഇയാൾക്കെതിരെ വിവിധ തൊടുപുഴ, മുട്ടം ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിലും കോടതികളിലും നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്. കേസുകളുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബി തോമസിന് സ്റ്റേഷനുകളിൽ നിന്നും ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികളിൽ നിന്നും രേഖാ മൂലം ഉത്തരവ് നൽകിയിരുന്നു. എന്നാൽ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇയാൾ ഹാജരാകാൻ തയാറായില്ല. ഇതേ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കെണിയിലാക്കിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇയാളുടെ കൂട്ടാളിയായ മേലുകാവ് സ്വദേശി അശ്വതികുട്ടിയെ കണ്ടെത്താൻ അന്വേഷണം കൂടുതൽ വിപുലമാക്കും എന്നും പൊലീസ് പറഞ്ഞു.