നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ അയൽവാസി തള്ളി താഴെയിട്ട് കോൺക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചതായുള്ള 12 വയസുകാരന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം കോമ്പയാർ സ്വദേശിയായ കുട്ടി പൊലിസിൽ പരാതി നൽകിയത്. കോമ്പയാർ സ്വദേശിയായ സന്തോഷ് തന്റെ വീടിന്റെ സമീപത്ത് കൂടി സൈക്കിൾ ഓടിച്ചത് തടയുകയും സൈക്കിൾ മറിച്ചിട്ടശേഷം തന്നെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്‌തെന്നാണ് പരാതി ഉന്നയിച്ചത്. നാട്ടുകാരുടെ സഹായത്തോടയാണ് ബാലനും കുടുംബവും നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. വീട്ടിലെത്തി മാതാപിതാക്കൾ വിശദമായി ചോദിച്ചപ്പോഴാണ് എല്ലാം കുട്ടി തയ്യാറാക്കിയ കഥയാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് പരാതി നൽകാനായി ഒപ്പമെത്തിയ നാട്ടുകാർക്കൊപ്പം കുട്ടിയും മാതാപിതാക്കളും ശനിയാഴ്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിക്കുകയായിരുന്നു. സൈക്കിളിൽ നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടിൽ നിന്നും വഴക്ക് കേൾക്കാതിരിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചതായി പരാതി നൽകാൻ സഹായിച്ച നാട്ടുകാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കുട്ടിയുടെ പരാതി വ്യാജമാണെന്ന് പൊലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. എന്നാൽ കുട്ടി മൊഴിയിൽ ഉറച്ച് നിന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. വ്യാജ പരാതിയിൽ സന്തോഷിനെതിരെ നെടുങ്കണ്ടം പൊലീസ് എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു പറഞ്ഞു.