തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഒൻപത് ഭക്ഷണശാലകൾ പൂട്ടിച്ചു.
ഇതിൽ എട്ട് ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്നതിനാലും ഒരെണ്ണം വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതുകൊണ്ടുമാണ് പൂട്ടിച്ചത്.
രണ്ട് ദിവസങ്ങളിലായാണ് തൊടുപുഴ മേഖലയിൽ പരിശോധന നടന്നത്.വെങ്ങല്ലൂർ മുബാറഖ്, കാർത്തിക, ലസി ലോഞ്ച്, അൽഷേബാ, സൽമത്ത് ഷേക്ക് ആൻഡ് ജ്യൂസ് എന്നീ സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നത്. ഇതിൽ മുബാറക്കിൽ റോഡിൽ നിന്ന് പൊടിയടിക്കുന്ന രീതിയിലാണ് അൽഫാം പാകം ചെയ്തിരുന്നത്.

ഇവ പിടിച്ചെടുത്തു നശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചെറുതോണിയിൽ ഒരു ഹോട്ടലും ദേവികുളം താലൂക്കിൽ മൂന്നെണ്ണവും അടപ്പിച്ചിരുന്നു. മൂന്നാറിലെ അൽബുഹാരി, റോച്ചാസ്, അടിമാലിയിലെ കണ്ണൂർ കിച്ചൺസ്, ചെറുതോണിയിലെ പാപ്പൻസ് എന്നിവയ്‌ക്കെതിരെയായിരുന്നു നടപടി. ഇതിൽ റോച്ചാസ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചത്.ചില ഹോട്ടലുകൾ ലൈസൻസ് നേടി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ഇതുകൂടാതെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെറുതോണി മേഖലയിൽ നിന്ന് എട്ട് കിലോ പഴകിയ മീൻ പിടികൂടിയിരുന്നു.
ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ എം.ടി.ബേബിച്ചന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എം.എൻ.ഷംസിയ, ബൈജു പി.ജോസഫ്, ആൻമേരി ജോൺസൺ, എസ്.പ്രശാന്ത് തുടങ്ങിയവരാണ് പരിശോധന നടത്തുന്നത്.

പഴകിയ ഭക്ഷണം

പിടിച്ചെടുത്തു

തൊടുപുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടത്തിയത്. വെങ്ങല്ലൂർഊന്നുകല്ല് വഴിയിലെ ന്യൂറഹ്മാനിയ ഹോട്ടലിലെ ഫ്രീസറിൽ നിന്ന് തലേദിവസം പാകം ചെയ്ത അൽഫാമും ചിക്കൻ വറുത്തതുമാണ് കണ്ടെത്തിയത്. സോണിക് ബേക്കറി ആൻഡ് റെസ്‌റ്റോറന്റിൽ നിന്ന് പഴകിയ മീൻകറിയും ഇറച്ചിയും കണ്ടെത്തി. ഇവയെല്ലാം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ട് സ്ഥാപനങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 25000 രൂപ വീതം പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.
ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജി.സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, രജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.