തൊടുപുഴ: വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര നടത്തുതിന് കെ.എസ്.ആർ.ടി.സിയുടെ തിരഞ്ഞെടുത്ത ഡിപ്പോകളിൽ ആവിഷ്‌കരിച്ച "ബഡ്ജറ്റ് ടൂറിസം" പദ്ധതിയായ സൈറ്റ് സീൻ സർവീസിൽ ലോറേഞ്ചിനെ തഴഞ്ഞു. പദ്ധതി ആരംഭിച്ച ഭൂരിഭാഗം ഡിപ്പോകളിലും വൻ വിജയത്തിലാണ്. ഈ ഡിപ്പോകളിലെ കളക്ഷനും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ലോറേഞ്ചിലുള്ള കെ.എസ്.ആർ.ടി.സിയുടെ തൊടുപുഴ, മൂലമറ്റം ഡിപ്പോകളെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ നിന്ന് ഒഴിവാക്കി. ഇവിടങ്ങളിലും പദ്ധതി ആരംഭിക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അത് തുടർച്ചയായി അവഗണിക്കുകയാണ്. ജില്ലയ്ക്കകത്തും പുറത്തുമുള്ള ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഈ രണ്ട് ഡിപ്പോകളിൽ നിന്ന് ബഡ്ജറ്റ് ടൂറിസം ആരംഭിച്ചാൽ വലിയ വിജയമാകും. മേഖലയിലെ നിരവധി സഞ്ചാരികളാണ് പദ്ധതി ആരംഭിക്കുന്നതും കാത്തിരിക്കുന്നത്. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ കുമളി ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം പദ്ധതി ഇന്നലെ മുതൽ ആരംഭിച്ചെങ്കിലും ലോറേഞ്ചിലുള്ള മലങ്കര ടൂറിസം ഹബ്ബിനെ മാത്രം ഒഴിവാക്കി. വാഗമൺ, പരുന്തുംപാറ, അയ്യപ്പൻകോവിൽ, അഞ്ചുരുളി, രാമക്കൽമേട് എന്നിങ്ങനെയുള്ള കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് കുമളിയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സർവീസ് ആരംഭിച്ചത്. വാഗമണ്ണിൽ നിന്ന് മലങ്കര ഹബ്ബിലേക്ക്‌ എത്താൻ എളുപ്പമാണ്. ഇപ്പോൾ തന്നെ അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് പേരാണ് ഹബ് സന്ദർശിക്കാനെത്തുന്നത്. പദ്ധതി ഇവിടേക്ക് കൂടി നീട്ടിയാൽ മേഖലയുടെ ടൂറിസം വികസനത്തിന് വലിയ മുതൽക്കൂട്ടാകും. ഇത് സംബന്ധിച്ച് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

ടൂറിസം ഭൂപടത്തിൽ ലോറേഞ്ചില്ലേ

ജില്ലയുടെ വിവിധ മേഖലകളിലുള്ള ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന്‌ സർക്കാർ തലത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ച് മേഖലയെ അധികൃതർ പതിവായി അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾക്ക് ടൂറിസം വകുപ്പും മറ്റ് വിവിധ ഏജൻസികളും അടുത്ത നാളിൽ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശികമായി അതത് ടൂറിസം കേന്ദ്രങ്ങളിൽ നിരവധി വികസന പദ്ധതികളാണ് നടന്ന് വരുന്നതും. എന്നാൽ ലോറേഞ്ചിന്റെ ടൂറിസം സാദ്ധ്യതകൾ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കാർ തലത്തിൽ കാര്യമായ ഒരു പദ്ധതിയും ആവിഷ്‌കരിക്കുന്നില്ല.