കട്ടപ്പന: പോക്‌സോ കേസിൽ റിട്ട. എസ്‌.ഐയ്ക്ക് തടവും പിഴയും. കാഞ്ചിയാർ പേഴുംകണ്ടം തച്ചേത്ത് ടി.പി. അജയകുമാറിനെയാണ് (60) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ഐ.പി.സി പ്രകാരം മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം നാല് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കട്ടപ്പന സി.ഐ ആയിരുന്ന വി.എസ്. അനിൽകുമാർ ചാർജ് ചെയ്ത കേസിലാണ് ശിക്ഷ.