പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിൽ ഒന്നരക്കോടി രൂപ മുടക്കി റൂസാ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ ആധുനിക ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഇന്ന് ഉച്ചയ്ക്ക് 12.30ന് നിർവഹിക്കും. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനായിരുന്ന മാർ മാത്യൂ അറയ്ക്കൽ, കോളജ് മാനേജർ ഫാ. ബോബി അലക്‌സ് മണ്ണുംപ്ലാക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, പഞ്ചായത്തംഗം എ.ജെ. തോമസ്, വിദ്യാർത്ഥി പ്രതിനിധി ജോജോ ജോസ്, കായിക വിഭാഗം മേധാവി ബോബി കെ. മാണി എന്നിവർ ആശംസകളർപ്പിക്കും. കിക്ക് ബോക്‌സിങ്ങിൽ അടുത്തിടെ പഞ്ചാബിൽ നടന്ന മത്സരത്തിൽ വെങ്കല മെഡൽ ജേതാക്കളായ മരിയൻ കോളേജ് വിദ്യാർത്ഥികളായ റയിസ് എം. സജി, ഡിന്റോ ബെന്നി എന്നിവരെ ആദരിക്കും. റൂസ കോർഡിനേറ്റർ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ നന്ദി പറയും. കേരള സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയുടെ തന്നെ കായിക സ്വപ്നങ്ങൾക്ക് പുത്തൻ ചിറകുകൾ നൽകി അത്യാധുനിക സംവിധാനങ്ങളോടെ ജിംനേഷ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. കേന്ദ്ര സർക്കാരിന്റെ റൂസാ പദ്ധതിയിൽ കോളേജിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി അനുവദിച്ച അഞ്ചുകോടി രൂപയിൽ ഒന്നരക്കോടി ചിലവഴിച്ചാണ് ജിംനേഷ്യം നിർമ്മിച്ചിരിക്കുന്നത്. കായികക്ഷമതക്കുള്ള മുപ്പതോളം യന്ത്രങ്ങൾ, ട്രെഡ്മില്ലുകൾ, വിവിധതരം സൈക്കിളുകൾ, സ്പിൻ ബൈക്ക്, ജിം ബോളുകൾ, എയ്‌റോബിക്‌ സ്റ്റെപ്പറുകൾ തുടങ്ങിയവ ഇവിടെയുണ്ട്. പവർ ലിഫ്‌റ്റിംഗ്, ബോഡി ബിൽഡിംഗ് തുടങ്ങിയ മത്സര ഇനങ്ങൾക്കുള്ള പരിശീലന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ഡംബലുകൾ, ലിഫ്‌റ്റിംഗ് ബാറുകൾ, സ്റ്റാൻഡുകൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രത്യേകമായി ഡ്രസ്സിംഗ്, ശുചിമുറികൾ തയ്യാറായിട്ടുണ്ട്. വിദ്യാർത്ഥികളുടെ സൗകര്യത്തിനായി പ്രത്യേക പരിശീലകനെയും നിയോഗിച്ചിട്ടുണ്ടെന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങാനം, പ്രിൻസിപ്പൽ ഡോ. റോയി അബ്രാഹം, കായിക വിഭാഗം മേധാവി ബോബി കെ. മാണി, റൂസ കോർഡിനേറ്റർ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, ഡോ. ജൂബി ജോർജ്, ജോബി ജോസ് എന്നിവർ അറിയിച്ചു.