ഇടുക്കി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികം 'എന്റെ കേരളം' പ്രദർശനവിപണനമേള ഇന്ന് മുതൽ 15 വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. സ്റ്റാളിന്റെയും എല്ലാ പരിപാടികളുടെയും ക്രമീകരണങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ സി.വി. വർഗീസ് പറഞ്ഞു. ജില്ലാ കളക്ടർ ഷീബ ജോർജ്, മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജ്, ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, എൻ. ബി ബിജു എന്നിവരോടൊപ്പം മേള നഗരി സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. ഘോഷയാത്രയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഘാടക സമിതി ചെയർപേഴ്‌സൺ ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാളൊരുക്കുന്നത് സംബന്ധിച്ച് ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രദർശനവിപണന മേളയുടെ അവസാന ഒരുക്കം വിലയിരുത്തി. പ്രദർശനവിപണനമേളയുടെ പതാക ഉയർത്തൽ ഇന്ന് രാവിലെ 9ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. തുടർന്ന് 9.30 യ്ക്ക് ചെറുതോണി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആയിരങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര മേള നഗരിയിലേക്കെത്തും. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം 10.30ന് റോഷി അഗസ്റ്റിൻ മേള നഗരിയിലെ വേദിയിൽ നിർവ്വഹിക്കും. യോഗത്തിൽ എം.എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് 6ന് ജില്ലയിലെ കലാകാരൻമാരുടെ നാടൻപാട്ട്, തുടർന്ന് പ്രശസ്ത കലാകാരൻ രാജേഷ് ചേർത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയിൽ അരങ്ങേറും. മേളയിൽ സൗജന്യസേവനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, എല്ലാ ദിവസവും കലാപരിപാടികൾ, സെമിനാർ, രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള, കാർഷികപ്രദർശനവിപണനമേള, കൈത്തറി മേള, ജർമ്മൻ ഹാംഗറിലുള്ള എ.സി എക്‌സിബിഷൻ സ്റ്റാൾ, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം, ഇടുക്കിയെ അറിയാൻ ഡോക്യുമെന്ററികൾ എന്നിവ ഉണ്ടാകും.