
അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പദ്ധതിയായ 'ഒരു വിദ്യാലയം, ഒരു വീട് ' പദ്ധതി പൂർത്തിയാക്കുന്നു. സ്‌നേഹവീട് എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിയിൽ സ്ഥലവും വീടും ഇല്ലാതെ സ്‌കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുട്ടിയ്ക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നിർമ്മിച്ച് കൊടുക്കുന്നതാണ് പദ്ധതി. വീടിന്റെ വയറിങ് ജോലികൾ സ്‌കൂളിലെ തന്നെ ഇലക്ട്രീഷ്യൻ ഡോമിസ്റ്റിക് സൊല്യൂഷൻ (ഇ.ഡി.എസ്) കോഴ്‌സിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സഹായത്തോടെ സ്വയം ഏറ്റെടുത്ത് നിർവഹിച്ചു. വിദ്യാർത്ഥികൾ മൂന്ന് ദിവസം കൊണ്ടാണ് ജോലി പൂർത്തീകരിച്ചത്. അസ്‌നമോൾ പി.എ, ത്രെയോദ്ധ കെ. നായർ, ദേവിക രാജേഷ്, അരവിന്ദ് അനിൽകുമാർ, ആരോമൽ സജീവ്, അരുൺ ബാബുരാജ് എന്നിവരാണ് ഇലക്ട്രിക്കൽ വർക്കുകൾ സ്വയം ഏറ്റെടുത്ത് നിർവഹിച്ചത്. അദ്ധ്യാപകരായ അശ്വതി കെ.എസ്, നിഥിൽ നാഥ് പി.എസ്, ജെയ്‌സ് വർഗീസ് എൻ എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.