തൊടുപുഴ: ഐക്യ മലഅരയ മഹാസഭയുടെ പതിനേഴാമത് സംസ്ഥാന വാർഷിക സമ്മേളനം 15ന് നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കാൻ സഭ ആരംഭിക്കുന്ന ശബരി സാന്ത്വനം പദ്ധതിയിൽ നിന്നുള്ള ധനസഹായ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നിർവഹിക്കും. ഐക്യമല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സജീവ് സ്വാഗതമാശംസിക്കും. മലഅരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ, ശ്രീ ശബരീശാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി. ഹരീഷ്‌കുമാർ, ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തുളസീധരൻ, വെള്ളിയാമറ്റം പഞ്ചായത്ത് അംഗം രാജിചന്ദ്രശേഖരൻ, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് പ്രമോദ് എസ്. പാടത്തിൽ എന്നിവർ പ്രസംഗിക്കും. ഗോത്രജനതയുടെ കൈവശഭൂമിക്കുള്ള പട്ടയവിതരണം വേഗത്തിലാക്കുക, കെ.എ.എസ്. നിയമനങ്ങളിൽ പട്ടികവർഗ സംവരണം ആദ്യ പത്ത് റാങ്കിനുള്ളിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. വാർത്താസമ്മേളനത്തിൽ സഭാപ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സിന്ധു പുഷ്പരാജൻ, രാജൻ പാലകുന്നേൽ, ഇ.എസ്. അനീഷ്, ഇ.കെ. രാജപ്പൻ എന്നിവർ പങ്കെടുത്തു.