തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്കും വന്യജീവി ആക്രമണങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 12ന് രാവിലെ 11ന് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം നടക്കുന്ന വാഴത്തോപ്പിലെ വേദിയിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ സാമുദായിക സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും അതിജീവന പോരാട്ട വേദിയും ചേർന്നാണ് കൂട്ടായ്മ രൂപവത്കരിച്ചിരിക്കുന്നത്. നിർമാണ നിരോധനം പൂർണമായും പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം. എല്ലാ പട്ടയങ്ങൾക്കും ചട്ടങ്ങൾക്കും ബാധകമായ നിലയിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജനങ്ങളുടെ ജീവനും ജീവനോപാധികളും നഷ്ടപ്പെടുകയാണ്. അവയെ വനത്തിനുള്ളിൽ തന്നെ നിലനിർത്തുന്നതിനുള്ള നടപടിയുണ്ടാകണം. പത്ത് ചെയിൻ, ഷോപ്പ് സൈറ്റ് ഉൾപ്പടെ ജില്ലയിൽ പട്ടയം കിട്ടാത്ത എല്ലാ പ്രദേശങ്ങളിലും ആറ് മാസത്തിനുള്ളിൽ പട്ടയം നൽകണം. റീസർവേയുടെ പേരിലും വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലും കരം സ്വീകരിക്കാതിരിക്കുന്നതും പട്ടയം റദ്ദ് ചെയ്യുന്നതും ഉൾപ്പടെയുള്ള നടപടികൾ നിറുത്തി വയ്ക്കുക. ബഫർ സോൺ പൂജ്യം കിലോമീറ്ററായി നിജപ്പെടുത്തണം. കൂടാതെ മരം നടാനും മുറിക്കാനുമുള്ള അനുമതിയും കർഷകന് നൽകണം. സർക്കാർ ഭൂമിയിൽ വെച്ചുപിടിപ്പിച്ചുട്ടുള്ള പരിസ്ഥിതി സൗഹൃദമല്ലാത്ത മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണം. വിവിധ ഉന്നത തല ഏജൻസികൾ കണ്ടെത്തിയ എല്ലാ കൈയേറ്റങ്ങളും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണം. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം. പ്രശ്‌നങ്ങൾ എല്ലാം ഉടൻ പരിഹരിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ജനവിരുദ്ധത മുഖമുദ്രയാക്കിയ ഉദ്യോഗസ്ഥരാണ് ഇത് കാരണം. ഭൂമി കൃഷിക്കും താമസത്തിനും എന്ന് 1965ലെ ഭൂപതിവ് ചട്ടത്തിൽ സാന്ദർഭികമായി രേഖപ്പെടുത്തിയ നിർദേശത്തെ ഊന്നിക്കൊണ്ടാണ് ഇപ്പോൾ ജനങ്ങളെ കഷ്ടപ്പെടുത്തുന്നത്. ഒരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കുന്നില്ല. വേറെ നിവർത്തിയില്ലാതാണ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ റസാഖ് ചൂരവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിമാരായ പി.എം. ബേബി, ആർ. രമേശ്, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, ദേവികുളം മുൻ അഡീ. തഹസിൽദാർ എം.ഐ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഹൈറേഞ്ച് സംരക്ഷണസമിതി പങ്കെടുക്കില്ല

സർക്കാരിന്റെ വാർഷിക വേദിയിലേക്ക് മാർച്ച് നടത്തുന്നതിൽ വിയോജിപ്പുള്ളതിനാൽ ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിൽ പങ്കെടുക്കില്ല. പകരം മറ്റൊരു ദിവസം സമരം നടത്താമെന്നാണ് സമിതിയുടെ നിലപാട്. എന്നാൽ ജനകീയ കൂട്ടായ്മയിലെ മറ്റ് വിഭാഗങ്ങൾ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ജനകീയ കൂട്ടായ്മയിലുള്ള ഭരണ കക്ഷിയിൽപ്പെട്ടവരെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ജില്ലാ നേതൃത്വം ശ്രമിക്കുന്നുണ്ട്. നിർമ്മാണനിരോധന നിയമം 20നകം പിൻവലിക്കുമെന്നും സമരത്തിൽ പങ്കെടുത്ത് സർക്കാരിന്റെ ശോഭ കെടുത്തരുതെന്നുമാണ് നേതാക്കളുടെ ആവശ്യം.