തൊടുപുഴ: നഗരസഭയും കുടുംബശ്രീയും സംയുക്തമായി ആവിഷ്‌ക്കരിച്ച 'നഗര ചന്ത ബങ്ക് ' പദ്ധതി പ്രവർത്തന സജ്ജമായില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോതായിക്കുന്ന് ബസ് സ്റ്റാന്റിന് സമീപത്തും മുതലക്കോടം ഭാഗത്തും എന്നിങ്ങനെ രണ്ട് സ്ഥലങ്ങളിലാണ് നഗരചന്ത ബങ്ക് പ്രവർത്തിപ്പിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചത്. ഇതേ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോതായിക്കുന്ന് ബസ്റ്റാന്റിന് സമീപത്തും മുതലക്കോടം ഭാഗത്തും ബങ്കുകൾ എത്തിച്ചിരുന്നു. എന്നാൽ മുതലക്കോടം ഭാഗത്ത് ബങ്ക് സ്ഥാപിച്ചതിന് എതിർപ്പുമായി ചിലർ എത്തിയതോടെ ഇവിടെ തുടർ പ്രവർത്തികൾ സ്തംഭിക്കുകയായിരുന്നു. ഇതോടെ കോതായിക്കുന്ന് ബസ് സ്റ്റാന്റിന് സമീപം സജ്ജമാക്കിയ ബങ്കും പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. രണ്ടര ലക്ഷം രൂപയുടെ പദ്ധതിയാണ് നഗരചന്ത ബങ്ക് പദ്ധതി. കുടുംബശ്രീയുടെ ശുദ്ധമായ ബ്രാൻഡ് ഉത്പ്പന്നങ്ങളും കളർപ്പില്ലാത്ത ജൈവ - പഴം പച്ചക്കറി ഉത്പ്പന്നങ്ങളും കുറഞ്ഞ വിലക്ക് ജനങ്ങൾക്ക് നൽകുക, സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുക, തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ പ്രവർത്തകരിൽ സംരംഭകരായി രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് നഗരചന്തയുടെ ചുമതല. സംരംഭകരാകാനുള്ള സാങ്കേതികമായ പരിശീലനം കുടുംബശ്രീയിൽ നിന്ന് പ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്.
"ബസ് സ്റ്റാന്റിന് സമീപത്തുള്ള ബങ്ക് അടുത്ത ആഴ്ച്ച ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നഗരസഭ. മുതലക്കോടം ഭാഗത്തുള്ള ബങ്ക് സംഭന്ധിച്ച് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരികക്കും"
സനീഷ് ജോർജ്, നഗരസഭ, ചെയർമാൻ.