ചെറുതോണി: പ്രളയത്തെയും പേമാരിയെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്തോടെ പെരിയാറിനു കുറുകെ വരുന്ന പുതിയ ചെറുതോണി പാലം അത്യാധുനിക സംവിധാനത്തോടെ നിർമ്മാണം പൂർത്തിയാകുന്നു. 40 മീറ്റർ ഉയരത്തിൽ 3 സ്പാനുകളിലായി 120 മീറ്റർ നീളമുള്ള പാലത്തിന്റെ വീതി ഇരുവശങ്ങളിലേക്കും 18 മീറ്റർ വീതമാണ്. ട്രാഫിക് സിഗ്‌നലുകളും സൗരോർജത്തിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി വിളക്കുകളും ആധുനിക രീതിയിലുള്ള കൈവരികളും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക സൗകര്യങ്ങളും 90 മീറ്റർ വീതമുള്ള രണ്ട് അപ്രോച് റോഡുകളും ക്രാഷ് ബാരിയറുകളും പാലത്തിന്റെ മറ്റൊരു സവിശേഷതയാണ്. 23.7 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പാലം ജില്ലയുടെ തന്നെ മുഖമായി മാറും. ചെറുതോണിയിൽ പുതിയ പാലം വരുന്നതോടെ കൂടി നിലവിലെ ചെറുതോണി പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. 2018 ലെ പ്രളയത്തെത്തുടർന്ന് ഡാം തുറക്കേണ്ടി വന്ന സാഹചര്യത്തിൽ നിലവിലുള്ള പാലത്തിൽ അപകടകരമായ വിധത്തിൽ വെള്ളം കയറിയിരുന്നു. മാത്രമല്ല വെള്ളത്തിന്റെ ശക്തിയാൽ ഇതോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡ് ഇടിയുകയും ചെയ്തു. ഇതേ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുത്തത്. കേന്ദ്ര സർക്കാർ ഫണ്ടും അനുവദിച്ചു. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുടെ തിലകക്കുറിയായി മാറും.
പഴയപാലം കരുത്തിന്റെ പ്രതീകം
കരുത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി കനേഡിയൻ മാന്ത്രികയിൽ രൂപകല്പനചെയ്ത ചെറുതോണി പഴയ പാലം ഇപ്പോഴും തലയുയർത്തി നിൽക്കുന്നുണ്ട്. 1960ൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമ്മാണ സമയത്ത് ഉണ്ടാക്കിയതാണ് പഴയ പാലം. 2018ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നപ്പോൾ സെക്കന്റിൽ 16 ദശലക്ഷം ലിറ്റർ വെള്ളം കുത്തിയൊലിച്ച് എത്തിയപ്പോഴും ചെറുത്ത് നിന്നത് സങ്കേതിക വിദഗ്ദ്ധരെ പോലും അദ്ഭുതപ്പെടുത്തി. കൂറ്റൻ തടി ഒഴുകിയെത്തിയിട്ടും പാലത്തിന് ഒരു ക്ഷതവുമേറ്റില്ല. സബ്‌മെസിബിൾ ബ്രിഡ്ജ് എന്നാണ് ഈ പാലത്തെ എൻജിനിയർമാർ വിശേഷിപ്പിക്കുന്നത്. ഇത്തരം പാലത്തിനു മുകളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ വെള്ളം ഒഴുക്കിയാലും ഒന്നും സംഭവിക്കില്ല. 2018ൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ ഉയർന്നെങ്കിലും അപ്രോച്ച് റോഡുകൾക്ക് ക്ഷതം സംഭവിച്ചതല്ലാതെ പാലത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല.