തൊടുപുഴ: സ്ഥലമുടമയുടെ അനുവാദമില്ലാതെ മരത്തിന്റെ കൊമ്പ് മുറിച്ചെന്ന പരാതിയിൽ കെ.എസ്.ഇ.ബി വനിതാ അസി. എക്സിക്യൂട്ടീവ് എൻജിനീയറോട് കരിമണ്ണൂർ എസ്.ഐ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതി. കരിമണ്ണൂർ ഇലക്ട്രിക് സെക്ഷനിലെ അസി. എൻജിനിയർ പി.എസ്. രശ്മിയാണ് ഡി.ജി.പി, ജില്ലാ കളക്ടർ, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി ഷാപ്പ് കഴിഞ്ഞ് ചെപ്പുകുളം റൂട്ടിൽ റോഡരികിൽ ലൈനിലേക്ക് ചാഞ്ഞ് നിന്നിരുന്ന റബർ മരത്തിന്റെ മുകൾ ഭാഗം ഓവർസിയറുടെ നേതൃത്വത്തിൽ തൊഴിലാളികൾ മുറിച്ച് മാറ്റി. ആ സമയം അവിടെ ജോലി ചെയ്തുകൊണ്ടിരുന്നയാളുടെ അനുവാദത്തോടെയായിരുന്നു ഇത് ചെയ്തത്. ഞായറാഴ്ച ഉടമയുടെ അനുവാദമില്ലാതെയാണ് മരക്കൊമ്പ് മുറിച്ചതെന്ന പരാതിയുണ്ടെന്ന് പൊലീസ് വിളിച്ച് അറിയിച്ചതനുസരിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനിയറും ഓവർസിയറും സ്റ്റേഷനിലെത്തി. ഈ സമയം പരാതിക്കാരനും സ്ഥലത്തുണ്ടായിരുന്നു. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരത്തിന്റെ ലൈനിലേക്ക് ചാഞ്ഞ ഭാഗം വെട്ടിയതെന്ന് അറിയിച്ചെങ്കിലും എസ്.ഐ മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയിൽ ഒപ്പിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നും എസ്.ഐ മോശമായി പെരുമാറിയിട്ടില്ലെന്നും കരിമണ്ണൂർ സി.ഐ അറിയിച്ചു.