തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും ചെറിയ വിലയുടെ മുദ്രപത്രങ്ങളുടെ ക്ഷാമം രൂക്ഷം. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50,​ 100,​ 500 രൂപയുടെ മുദ്രപത്രങ്ങളാണ് തീരെ കിട്ടാനില്ലാതായത്. ജനന- മരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എടുക്കാൻ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ലൈഫ് മിഷനടക്കമുള്ള സർക്കാർ പദ്ധതികൾ തുടങ്ങിയവയ്ക്കടക്കം വിവിധ കരാറുകൾ തയ്യാറാക്കാൻ കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾക്ക് ഇപ്പോൾ ആയിരത്തിന്റെ മുദ്രപത്രം വാങ്ങേണ്ട അവസ്ഥയിലാണ് പൊതുജനം. നേരത്തെ ആവശ്യം പോലെയുണ്ടായിരുന്ന 500 രൂപയുടെ മുദ്രപത്രങ്ങളും ഇപ്പോൾ വെണ്ടർമാരുടെ കൈകളിൽ ലഭ്യമല്ല. കറൻസി നോട്ട് പ്രിന്റ് ചെയ്യുന്ന നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് മുദ്രപത്രവും അച്ചടിക്കുന്നത്. ആദ്യ കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ നാസിക്കിൽ നിന്ന് കേരളത്തിലേക്ക് മുദ്രപത്രങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. രണ്ടാം ലോക്ക് ഡൗൺ എത്തിയപ്പോഴും ഇതുപോലെ മുദ്രപത്രങ്ങൾ എത്താതായി. പിന്നീട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഇപ്പോൾ വീണ്ടും മുദ്രപത്രങ്ങൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇ- സ്റ്റാമ്പിംഗിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സർക്കാർ കൃത്രിമമായി ക്ഷാമമുണ്ടാക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. വിൽപന നടത്തുന്ന സ്റ്റാമ്പ് വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപത്രം വിതരണം ചെയ്യുന്നത് അതത് ജില്ലാ ട്രഷറിയിലുള്ള ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിൽ നിന്നാണ്. കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ കൂടിയ മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ ജില്ലകളിലെ സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാർക്കു പ്രത്യേക അധികാരം നൽകിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ദൈനംദിന ജോലികൾക്കിടയിൽ വേണം ഇതുചെയ്യേണ്ടത് എന്നതിനാൽ ഒരു ദിവസം 300 മുതൽ 500 എണ്ണം വരെ മാത്രമേ സീൽ ചെയ്തു ഒപ്പുവച്ചു കമ്പ്യൂട്ടറിൽ സ്റ്റോക്ക് രേഖപ്പെടുത്തി വിതരണം ചെയ്യാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.

100 രൂപ പത്രം വേണ്ട കരാറുകൾ

വാഹനകരാറുകൾ, വാടക ചീട്ട്, ചിട്ടികൾ, കെ.എസ്.ഇ.ബി കണക്ഷന് വേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തിൽ ബിഡിംഗ് പെർമിറ്റിനു നൽകേണ്ട ബോണ്ട്, സത്യവാങ്മൂലം, തിരുത്തലുകൾ, ബാങ്കകളിലെ വായ്പ ഉടമ്പടികൾ.

50 രൂപ പത്രം വേണ്ട കരാറുകൾ

സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾ, ജനന- മരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്

''50, 100, 500 രൂപയുടെ മുദ്രപത്രങ്ങൾ ജില്ലാ ട്രഷറിയിലെത്തിച്ചിട്ടുണ്ട്. അടുത്ത ദിവസം മുതൽ വിവിധ സബ്ട്രഷറികൾ വഴി വിതരണം ചെയ്യും. ക്ഷാമം നേരിടുമ്പോൾ തന്നെ ജില്ലയിൽ നിന്ന് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്."

-ജില്ലാ ട്രഷറി ആഫീസർ