ഇടുക്കി: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി പരിശീലന ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഭൂതത്താൻകെട്ടിലുള്ള പെരിയാർ വാലിയുടെ ഹാളിൽ നടക്കും. മേജർ രവി നയിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിക്കും. പറവൂർ ആസ്ഥാനമായുള്ള ഹെൽപ്പ് ഫോർ ഹെൽപ്പ്‌ലെസ്സ് ചാരിറ്റബിൾ സൊസൈറ്റിയാണ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. മലയിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തുടർച്ചയായുണ്ടാകുന്ന ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽദുരന്ത മേഖലകളിൽ സർക്കാർ സംവിധാനങ്ങൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാത്ത അനേകം സന്ദർഭങ്ങൾ നേരിട്ട് അനുഭവമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത മുഖത്ത് സർക്കാർ സംവിധനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന് രൂപം നൽകിയതെന്ന് എം.പി. പറഞ്ഞു. ഫസ്റ്റ് എയ്ഡ്, പേഷ്യന്റ് റിക്കവറി, സി.പി.ആർ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ സേവനം ഏത് ദുരന്ത മേഖലയിലും അടിയന്തിര സാഹചര്യങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഈ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഉദയഗിരി, കുമിളി, കോതമംഗലം, മൂന്നാർ എന്നിവിടങ്ങളിൽ നാലു ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും എം.പി. അറിയിച്ചു.