roshy

ഇടുക്കി: മനോഹര ദൃശ്യാവിഷ്‌ക്കാരം നടത്തിയിട്ടുള്ള പ്രവേശന കവാടം കടന്ന് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം നടക്കുന്ന ആഘോഷ നഗരിയായ വഴത്തോപ്പ് ജി വി എച്ച് എസ് എസിൽ എത്തിയാൽ കാത്തിരിക്കുന്നത് കേരളത്തിന്റെ ഇതുവരെയുള്ള ആകെ കാഴ്ച്ചകളുടെ വിശാലമായ ലോകം. സ്‌കൂൾ ഗ്രൗണ്ടിലൊരുക്കിയിരിക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ഹാളാണ് കാഴ്ച്ചയുടെ മനോഹാരിതയും അറിവിന്റെ അനുഭവതലവുമൊരുക്കി കാഴ്ച്ചക്കാരിൽ വിസ്മയം തീർക്കുന്നത്.
കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ മേഖലകളേയും അടയാളപ്പെടുത്തിയാണ് എന്റെ കേരളം പ്രദർശന നഗരി ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലകളിൽ കേരളം കണ്ട മാറ്റങ്ങൾ കേരളം, വളർച്ചയുടെ പരിണാമ ദശകങ്ങൾ എന്ന പേരിൽ ചിത്രങ്ങളോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇ എം എസ് മുതൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള ഇക്കാലയളവിൽ കേരളത്തെ നയിച്ച 12 മുഖ്യമന്ത്രിമാരുടെ വലിയ ചിത്രങ്ങൾ കാലയളവനുസരിച്ച് അറിവിന്റെ അനുഭവതലങ്ങളിലേക്കായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ കലാരൂപങ്ങൾ, മലയാള സാഹിത്യ ലോകത്തെ ഓർമ്മപ്പെടുത്തലുകൾ, മലയാള സാഹിത്യത്തിന് ജീവൻ നൽകിയ അടയാളപ്പെടുത്തലുകൾ, കേരളത്തിന്റെ സാമൂഹ്യ പരിക്ഷ്‌ക്കരണത്തിനും മാറ്റങ്ങൾക്കും വഴിയൊരുക്കിയ സമര ചരിത്രങ്ങളുടെ എഴുത്താവിഷ്‌ക്കാരം അങ്ങനെ പോകുന്നു എന്റെ കേരളം തുറന്നിടുന്ന വിസ്മയ കാഴ്ച്ചകൾ. വാട്ടർ മെട്രോ, കാരവാൻ ടൂറിസം തുടങ്ങിയവയുടെ കാഴ്ച്ച അനുഭവമൊരുക്കുന്ന ദൃശ്യാവിഷ്‌ക്കരണത്തിന് ഇതിനോടകം സന്ദർശകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിട രംഗങ്ങളിൽ സർക്കാർ കൊണ്ടുവന്ന വിപ്ലകരമായ മാറ്റങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മാതൃകകളും വീഡിയോ വാളിലെ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പാർപ്പിടം,ആരോഗ്യ രംഗം, ലിംഗനീതി, സ്ത്രീ ശാക്തീകരണം,വയോജന സംരക്ഷണം, ഗ്രന്ഥശാല പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം തുടങ്ങി കേരളത്തിന്റെ നവോത്ഥാന വഴിത്താരയിൽ ഓർത്തെടുക്കപ്പെടേണ്ടവയുടെ എഴുത്താവിഷ്‌ക്കാരവും ഹരിത കേരളം, ആരോഗ്യ കേരളം, കേരള സ്റ്റാർട്ട് അപ്പ് മിഷൻ, കിഫ്ബി, കേരള പുനർ നിർമ്മാണം, സംരംഭകത്വ സൗഹൃദ കേരളം തുടങ്ങി നവകേരള നിർമ്മിതിക്ക് കരുത്താകുന്ന പദ്ധതികളുടെ അടയാളപ്പെടുത്തലിനും എന്റെ കേരളം പ്രദർശന സ്റ്റാളിനുള്ളിൽ ഇടം നൽകിയിട്ടുണ്ട്.