തുടങ്ങനാട്: വിച്ചാട്ട് കവല - കരിങ്കുന്നം റൂട്ടിൽ ഒറ്റല്ലൂർ പാലത്തിന് സമീപം റോഡ് താഴുന്നു. പുതിയതായി ടൈൽസ് പാകിയ ഭാഗമാണ് കൂടുതൽ താഴുന്നത്. രണ്ട് മാസം മുൻപാണ് റോഡിൽ പുതിയതായി ടൈൽസ് പാകിയത്. നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന വിച്ചാട്ട് കവല - കരിങ്കുന്നം റൂട്ടിലാണ് സംഭവം. ഇതേ തുടർന്ന് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവാണ്. രണ്ട് വർഷം മുൻപ് ടാറിംഗ് നടത്തിയ ഈ റോഡ് വ്യാപകമായി നശിച്ച് പോയിരുന്നു. റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപണവും വ്യാപകമായി ഉയർന്നിരുന്നു. മുട്ടം മേഖലയിൽ നിന്ന് വരുന്ന വാഹന യാത്രക്കാർക്ക് തൊടുപുഴ നഗരം ചുറ്റാതെ എളുപ്പത്തിൽ കരിങ്കുന്നം എത്തപ്പെടാൻ കഴിയുന്ന റൂട്ടായത് കോണ്ട് ഇത് വഴി അനേകം വാഹനങ്ങളാണ് നിത്യവും കടന്ന് പോകുന്നതും. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ ഉടൻ ഇടപെടൽ നടത്തണം എന്നാണ് ജനത്തിന്റെ ആവശ്യം.