നെടുങ്കണ്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കണ്ടം യൂണിറ്റിന്റെ പൊതുയോഗവും വ്യാപാരി സംഗമവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. നെടുങ്കണ്ടം ലയൺസ് ഹാളിൽ നടന്ന യോഗം സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ എം.എം മണി എം. എൽ. എ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ആർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി ഹസ്സൻ, സെക്രട്ടറി വി.കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ജെയിംസ് മാത്യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജീവ് നായർ കണക്കും അവതരിപ്പിച്ചു. യോഗത്തിൽ എം.എം മണി എം.എൽ.എയ്ക്ക് സ്വീകരണം നൽകി. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യോഗത്തിൽ വച്ച് ആദരിച്ചു. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൽ.എൽ.ബിക്ക് മികച്ചവിജയം നേടിയ വിഷ്ണുപ്രിയാ മഹേശ്വരൻ, എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി മൈക്രോ ബയോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അതുല്യ ശ്രീകുമാർ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു . ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി ആർ സുരേഷ്, ജന.സെക്രട്ടറിയായി ജെയിംസ് മാത്യു എന്നിവരടങ്ങിയ 27 പേരടങ്ങിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.