അടിമാലി: കൊന്നത്തടി മേഖലയിലും ഹോട്ടലുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടൽ അടപ്പിച്ചു. കമ്പിളികണ്ടം, പാറത്തോട്, അഞ്ചാംമൈൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചികടകൾ, കൂൾബാർ തുടങ്ങിയ സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടന്നു. കൊന്നത്തടി കുടുംബാരോഗ്യകേന്ദ്രം അധികൃതരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാചകം ചെയ്ത നിലയിൽ പഴകിയ ചിക്കൻകറി, ബീഫ്, ചപ്പാത്തി എന്നിവ കണ്ടെത്തിയ കമ്പിളികണ്ടത്തെ കുന്നൻസ് ഹോട്ടൽ താൽകാലികമായി അടപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്നതായി കണ്ടെത്തിയ പാറത്തോട് ആര്യാസ് ഹോട്ടൽ, പാറത്തോട് റോയൽ പാലസ് ബേക്കറി, പാറത്തോട് വൈറ്റ്‌ഗോൾഡ് ഫിഷ് സ്റ്റാൾ എന്നീ സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആത്മാറാം, കെ.കെ. അജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. അജിത്, ജി. അരുൺ, ബിജു ജോർജ്, വി പ്രതീപ്, ബന്യ മോഹൻ, ജിസ്മി രാജ്, ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ശ്യാം എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.