തൊടുപുഴ: മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് തകർത്ത് മോഷ്ടാവ് 35,000 രൂപ കവർന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ മങ്ങാട്ടുകവല ന്യൂമാൻ കോളജ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോപ്‌വെൽ ഫാർമസിയാണ് മോഷണം നടന്നത്. മുഖം മറച്ച നിലയിൽ കടയുടെ അകത്ത് കടന്ന മോഷ്ടാവ് ചില്ലറത്തുട്ടുകളും നോട്ടുകളുമടക്കം കൈക്കലാക്കുന്നതിന്റെ ദശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ഏഴ്മണിയോടെ കട അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപന ഉടമ റമീസ് മുഹമ്മദ് സലീം നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.