
തൊടുപുഴ:- കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയ്ക്ക് തൊടുപുഴ നഗരസഭയിലും തുടക്കമായി.കേരളത്തിലെ 93 നഗരസഭകളിലും സമ്പൂർണ്ണമായി കുടിവെള്ളം എത്തിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട 9 അമൃത് സിറ്റികളിൽ ദ്രവ മാലിന്യ സംസ്‌ക്കരണത്തിനുമുള്ള പദ്ധതികളാണ് പ്രധാനമായും അമൃത് 2.0 വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ തുടക്കം എന്ന നിലയിൽ ഓരോ വാർഡിലും കുടിവെള്ള കണക്ഷൻ ലഭ്യമല്ലാത്ത വീടുകളുടെ വിശദാംശങ്ങൾ തയ്യാറാക്കുകയുണ്ടായി. അമൃത് മിഷൻ ജില്ലാകോർഡിനേറ്റർ, വാട്ടർ അതോറിറ്റി എക്‌സി.എഞ്ചിനീയർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നലെ കൗൺസിൽ യോഗംചേർന്നു. നഗരസഭാ പരിധിയിൽ മൂവായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കും. ഉയർന്ന പ്രദേശങ്ങളായ പാറക്കടവ്,കോലാനി, ഒളമറ്റം, ഇടികെട്ടിപാറ എന്നീമേഖലകളിൽ മിക്കപ്പോഴും വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളം എത്തുന്നില്ലെന്നുംയോഗത്തിൽ പരാതി ഉയർന്നു.
9. 6കോടിയുടെപദ്ധതി
പദ്ധതി നടപ്പിലാക്കുന്നതിനായി 9കോടി 60 ലക്ഷം രൂപയാണ് തൊടുപുഴ നഗരസഭയ്ക്ക് അനുവദിച്ചിരിക്കുന്നത്. 4.819കോടി രൂപകേന്ദ്ര വിഹിതവും 3.614കോടി രൂപ സംസ്ഥാന വിഹിതവുമാണ്. 1.2കോടി രൂപ നഗരസഭാ വിഹിതമാണ്. പദ്ധതി നടപ്പിലായി കഴിഞ്ഞാൽ നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകുമെന്ന് നഗരസഭാ ചെയർമാൻ സനീഷ്‌ജോർജ്ജ് പറഞ്ഞു.