മുട്ടം: മഴക്കെടുതിയുടെ നാശം മുട്ടത്ത് തുടർ സംഭവമായതോടെ മുട്ടത്തെ ജനങ്ങൾക്ക് ആശങ്ക ഏറി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് മുട്ടം പഞ്ചായത്ത് പ്രദേശത്ത് മഴക്കെടുതിയെ തുടർന്ന്
വ്യാപകമായ നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിൽനിന്നും മോചനമാകുന്നതിന് മുൻപാണ് ചോവ്വാഴ്ച്ച വീണ്ടും ശക്തമായ മഴയും കാറ്റും നാശം വിതച്ചത്.
ചൊവ്വാഴ്‌ച്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മുട്ടം പഞ്ചായത്ത് പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി വീടുകൾക്കും കാർഷിക വിളകൾക്കും നാശം സംഭവിച്ചു. പൊതു സ്ഥലങ്ങളിലേയും സ്വകാര്യ വ്യക്തികളുടെ പറമ്പിലേയും മരങ്ങൾ വ്യാപകമായി കടപുഴകി. നിരവധി സ്ഥലങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും മറിഞ്ഞ് വീണും വൈദ്യതി ലൈനുകൾ പൊട്ടിപ്പോവുകയും ചെയ്തു. ഇതേ തുടർന്ന് വിവിധ വാർഡുകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി. തുടങ്ങനാട് പുറവിള കുരിശ് പള്ളിക്ക് സമീപം വൈദ്യുതി പോസ്റ്റ് ഓടിഞ്ഞു വീണ് വൈദ്യുതി ലൈൻ പൊട്ടി നിലത്ത് വീണു. കനത്ത മഴയെ തുടർന്ന് ടൗണിലെ ഓടകൾ നിറഞ്ഞ് മലിന ജലം വ്യാപകമായി റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തി. വർഷങ്ങളായിട്ട് അധികൃതർ ഓടകളുടെ നവീകരണം നടത്താത്തത് തിരിച്ചടിയായി. ഏതാനും ദിവസങ്ങൾക്കു മുൻപുണ്ടായ കനത്ത മഴയിലും കാറ്റിലും ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ മുട്ടം പഞ്ചായത്ത് പ്രദേശത്ത് സംഭവിച്ചിരുന്നു. എന്നാൽ നഷ്ടത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
രാജിതക്ക് കഷ്ട കാലം തുടർ സംഭവമാക്കുന്നു
തുടങ്ങനാട്: കൊച്ചേരിയിൽ ചിറക്കൽ രാജിത ഷിബു പുതിയതായി നിർമ്മിച്ച വീട്ടിലേക്ക് കനത്ത മഴയിൽ മണ്ണിടിഞ്ഞു ഭിത്തി തകർന്നു. വീടിന്റെ മുറിക്കകത്തും മറ്റും ചെളിമണ്ണും അഴുക്ക് വെള്ളവും നിറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച ധന സഹായത്താൽ നിർമ്മിച്ച വീടാണ് ഇത്. കഴിഞ്ഞ മൂന്ന് വർഷത്തെ മഴക്കെടുത്തിയിലും രാജിതയുടെ വീടിന് നാശം സംഭവിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യം മണ്ണിടിഞ്ഞു വീണത് പൂർണ്ണമായും നീക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഇപ്പോഴത്തെ സംഭവവും. നാട്ടുകാരുടെ സഹായത്താലാണ് ഓരോ പ്രാവശ്യം മണ്ണ് നീക്കം ചെയ്തത്. അതിന് വേണ്ടി വാങ്ങിയ കടം ഇനിയും തീർക്കാനുണ്ട്. രാജിതക്ക് ഭർത്താവ് ഇല്ല. മക്കളുമായി തനിച്ചാണ് വീട്ടിൽ കഴിയുന്നത്. ചൊവ്വാഴ്ച്ച പകലും രാത്രിയും പ്രദേശത്ത് കനത്ത മഴയും കാറ്റുമായിരുന്നതിനാൽ രാജിത മക്കളെയും കൂട്ടി രാത്രി ഏറെ വൈകി തൊട്ടടുത്ത് താമസിക്കുന്ന അച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു.