ഇടുക്കി : കട്ടപ്പന നഗരത്തിൽ ഇടശ്ശേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്നും വാങ്ങിയ ബനാന പഫ്സിൽ പൂപ്പൽ.അണക്കര സ്വദേശിയായ പൊൻപുഴ അലൻ ജോസഫ് സഹോദരിക്ക് വാങ്ങി നൽകിയ പഫ്‌സിലാണ് പൂപ്പൽ ബാധ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച ഇടുക്കിയ്ക്ക് പോകും വഴിയാണ് ഇടശ്ശേരി ജംഗ്ഷനിലെ ബിജൂസ് ബേക്കറിയിൽ നിന്നും ഒൻപത് വയസ്സുകാരിയായ സഹോദരിക്ക് കഴിക്കാനായി അലൻ ബനാന പഫ്സ് പാർസൽ വാങ്ങിയത്.കുട്ടി വാഹനത്തിലിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴാണ് പഫ്സിനുള്ളിൽ നിറയെ കറുത്ത നിറത്തിൽ ഫംഗസ് കാണാനിടയായത്
ഉടനെ വാങ്ങിയ കടയിൽ തിരികെ എത്തി പരാതി പറഞ്ഞപ്പോൾ ഉടമ പഫ്സ് തിരികെ വാങ്ങി പണം മടക്കി നൽകുകയും ചെയ്തായി പരാതിയിൽ ഉണ്ട്.പരാതിയെ തുടർന്ന് ഫുഡ് സേഫ്റടി ഓഫീസർ ആൻമേരി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ബേക്കറിയിൽ പരിശോധന നടത്താൻ എത്തിയെങ്കിലും ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ കട തുറന്ന് പരിശോധന നടത്താൻ സാധിച്ചില്ല.ലഭിച്ച പരാതിയിൽ അന്വേഷണമുണ്ടാകുമെന്നും ബേക്കറിയിൽ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ടൗണിലെ മൂന്ന് ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയിരുന്നു ഇതിനു പിന്നാലെയാണ് ഒൻപത് വയസ്സുകാരിക്ക് കഴിക്കാൻ വാങ്ങിയ പഫ്സിൽ പൂപ്പൽ ബാധ കണ്ടെത്തിയത്.