ഇടുക്കി: ജില്ലാ കളക്ടറുടെ നിരോധനം മറികടന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഓഫ് റോഡ് റൈഡുകൾ വ്യാപകം. ആനച്ചാൽ, രാമക്കൽമേട്, കുമളി, വണ്ടിപ്പെരിയാർ, വാഗമൺ,​ കൊളുക്കുമല,​ തേക്കടി തുടങ്ങിയ സ്ഥലങ്ങളിലാണ് കുടൂതൽ ഓഫ് റോഡ് ജീപ്പ് സഫാരി നടക്കുന്നത്. യാതൊരുവിധ സുരക്ഷാ സംവിധാനമോ കാവലോ ഇല്ലാത്ത പ്രദേശങ്ങളിൽ ഡ്രൈവർമാർ സ്വന്തം ഇഷ്ടപ്രകാരമാണ് ട്രിപ്പ് സംഘടിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ല വിനോദസഞ്ചാരികളാണ് കൂടുതൽ റൈഡിനെത്തുന്നത്. 2000 മുതൽ 5000 രൂപ വരെ റൈഡിന് ഈടാക്കുന്നുണ്ട്. നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ജീപ്പ് റൈഡിനെതിരെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പരാതിപ്പെട്ടപ്പോഴാണ് ഇത് വിവാദമായത്. ജോജുവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ പൊലീസ് കേസെടുക്കുകയും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ കെ.എസ്.യു വീഡിയോ സഹിതം പരാതി നൽകിയതുകൊണ്ട് മാത്രമാണ് വാഗമണ്ണിലെ സംഭവത്തിൽ നടപടിയെടുത്തതെന്ന് ആരോപണമുണ്ട്. അധികൃതരുടെ മൗനാനുവാദത്തോടെ മറ്റ് പല മേഖലകളിലും വ്യാപകമായി നിയമവിരുദ്ധമായ ഓഫ് റൈഡ് നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇതിന് ഉദാഹരണമാണ് ഒരാഴ്ച മുമ്പ് സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്കു പോയ ജീപ്പ് മറിഞ്ഞ് ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റത്. സ്വകാര്യ ക്യാമ്പിങ് സൈറ്റിൽ നിന്ന് കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി ഓഫ് റോഡ് റൈഡിന് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 150 അടി താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നിരോധനമിങ്ങനെ

ടൂറിസ്റ്റുകളെ വളരെയധികം ആകർഷിക്കുന്ന ഓഫ് റോഡ് ജീപ്പ് സഫാരിയെപ്പറ്റി വിവിധ തലങ്ങളിൽ നിന്ന് പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ജില്ലാ കളക്ടർ നിരോധനമേർപ്പെടുത്തിയത്. ആദ്യം ഓഫ് റോഡ് സഫാരിക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോക്കിയെങ്കിലും പ്രാവർത്തികമായില്ല. അതത് സ്ഥലത്തെ ജോയിന്റ് ആർ.ടി.ഒ വാഹനവും ഡ്രൈവറുടെ യോഗ്യതയും പരിശോധിച്ച് സ്റ്റിക്കർ പതിച്ച വാഹനങ്ങൾ മാത്രമേ ഓഫ് റോഡ് സഫാരിക്ക് അനുവദിക്കൂവെന്നായിരുന്നു നിബന്ധനകളിലൊന്ന്. ഓരോ സ്ഥലത്തും ജീപ്പ് സഫാരിക്ക് വേണ്ട സമയവും തുകയും ഡി.ടി.പി.സി നിശ്ചയിക്കുന്നതായിരിക്കും. അപകടകരമായ ഡ്രൈവിംഗ്, ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം, അമിത കൂലി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് നടത്തിയ നടപടി പക്ഷേ,​ നടപ്പായില്ല.

അപകടം പിടിച്ച റിവർ ട്രക്കിംഗ്

കുത്തൊഴുക്കുള്ള പുഴയ്ക്ക് കുറുകെ കല്ലുകൾ നിരത്തി സഞ്ചാരികളുമായി വാഹനങ്ങൾ പുഴ മുറിച്ച് കടക്കുന്ന അത്യന്തം അപകടംപിടിച്ച വിനോദങ്ങൾ പോലും ജില്ലയിൽ പല ഭാഗത്തും നടക്കുന്നുണ്ട്. 'റിവർ ട്രക്കിംഗ് ' എന്ന് പേരിട്ടിരിയ്ക്കുന്ന ഇതിനായി പ്രത്യേക പണം ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കുന്നുമുണ്ട്‌.

ടൂറിസത്തെ ബാധിക്കുമെന്ന്

സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഓഫ് റോഡ് റൈഡിനുള്ള നിരോധനം കൊവിഡിൽ തകർന്ന ടൂറിസത്തെ കര കയറ്റാനുള്ള ശ്രമത്തെ പുറകോട്ടടിയ്ക്കുമെന്നാണ് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആക്ഷേപം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുൻകൈയെടുത്ത് സുരക്ഷിതമായ രീതിയിൽ സഫാരി നടത്താൻ സംവിധാനമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.