cybercrime

നെടുങ്കണ്ടം: കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും മക്കളുടെ നേതൃത്വത്തിൽ സൈബർ സുരക്ഷാ പരിശീലനം നൽകും.കല്ലാർ സ്‌കൂളിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴിയാണ് വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്നത്. ഇതിനായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടമായി മുപ്പതു പേർ വീതമുള്ള ബാച്ചുകളിലായി മേയ് 22 വരെ സൈബർ സുരക്ഷയിൽ സ്‌കൂളിൽ പരിശീലനം നൽകുക . അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യ,മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ 'രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും' വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും തടയാനും സഹായിക്കുന്ന വാർത്തകളുടെ കാണാലോകം, ഇന്റർനെറ്റിലെ ചതിക്കുഴികൾ സൈബർ ആക്രമണങ്ങളും, ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇന്റർനെറ്റ് അനന്ത സാദ്ധ്യതകളിലേക്കുള്ള ലോകം എന്നിങ്ങനെയുള്ള അഞ്ച് സെഷനോടെയാണ് പരിശീലനം അവസാനിക്കുക. സ്‌കൂൾ ഐ.റ്റി ലാബിൽ ആരംഭിച്ച് ആദ്യ ബാച്ച് പരിശീലനത്തിന്റെ ഉദ്ഘാടനം എം പി.റ്റി എ പ്രസിഡന്റ് .സീനത്ത് നിർവ്വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം. എസ്.സുഹറ ബീവി അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റർ കെ.കെ അനീഷ് , കൈറ്റ് മിസ്ട്രസ് എം. പി .സവിതാ മോൾ സ്റ്റാഫ് സെക്രട്ടറി പി.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റ് 9ാം ക്ലാസ് വിദ്യാർത്ഥികളായ കുമാരി അനീറ്റ കെ എം , നന്ദന പ്രിയ എം.പി , സ്‌നേഹാ പ്രകാശ്, അന്നമോൾ രാജേഷ്, മാസ്റ്റർ മുഹമ്മദ് ലബീബ്, ദിനേഷ് മണി, ജഗത്ത് ബി വിനു എന്നിവർ ക്ലാസുകൾ നയിച്ചു.