തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സിയുടെ (ബി ആന്റ് ഇ.ഡബ്ല്യു.എഫ്) നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എ.പി. ഉസ്മാൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട നിർമ്മാണ തൊഴിലാളികൾക്ക് പെൻഷനും മറ്റ് അനുകൂല്യങ്ങളും നൽകാതെ സർക്കാർ വാർഷികം കോടികൾ മുടക്കി ധൂർത്തടിക്കുന്ന പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ നടപടിയുമായാണ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണ നിരോധനം കൊണ്ട് പൊറുതി മുട്ടിയ ജനതയുടെ നെഞ്ചിൽ ചവിട്ടിയാണ് സർക്കാർ വാർഷികം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി കെ.എം. ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.പി. റോയി ആമുഖ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ ജോൺ നെടിയപാല, എം.കെ. ഷാഹുൽ ഹമീദ്, സുരേഷ് രാജു, സോമി പുളിയ്ക്കൽ, ജോമോൻ തെക്കുംഭാഗം, ജോർജ് വറുഗീസ്, ജോൺ വരയന്നൂർ, എൻ.ഐ. സലിം, ലീലാമ്മ വറുഗീസ്, കെ.ജെ. സിദ്ദിഖ്, വൈ. യൂസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ ജെയിംസ് പയ്യമ്പിള്ളി, ജോസഫ് കുറുവിള്ള, ബിജു കുമരികുളം, ജോസ് പുറത്തേൽ, ശശി കൂപ്പുപാറ, ശ്യാമള രാജു, പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ നേത്വത്വം നൽകി.