പീരുമേട്: രണ്ടിലയും നാമ്പും തങ്ങളുടെ ജീവിതം സുരഭിലമാക്കുമെന്ന പ്രതീക്ഷയിൽ തേയില കൃഷി തുടങ്ങിയ ചെറുകിട കർഷകരുടെ ജീവിതം ഇപ്പോൾ കടുപ്പത്തിലാണ്. പച്ചകൊളുന്ത് എടുക്കാൻ വൻകിട ഫാക്ടറി ഉടമകൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. പീരുമേട് താലൂക്കിലെ ചെറുകിട തേയില കർഷകരിൽ നിന്ന് ഏജന്റുമാർ മുഖേന ശേഖരിച്ച് എ.വി.ടി കരടിക്കുഴി ഫാക്ടറിയാണ് കൊളുന്ത് എടുത്തിരുന്നത്. പീരുമേട് പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ തേയില തോട്ടങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ഈ തോട്ടങ്ങളിലെ ഫാക്ടറികൾ പ്രവർത്തനമില്ലാതെയായി. ഈ തോട്ടം ഉടമകളും തങ്ങളുടെ തോട്ടത്തിലെ പച്ച കൊളുന്ത് എ.വി.ടി ഫാക്ടറിക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകരുടെ പച്ച കൊളുത്ത് എടുക്കാൻ ഇവർ തയ്യാറാകുന്നില്ല. കർഷകർ കൊളുന്തുമായി ഫാക്ടറിയിൽ എത്തുമ്പോൾ ഇവരെ തിരിച്ചയക്കുകയാണ്. വൻകിട തോട്ടങ്ങളിൽ നിന്നുള്ള പച്ച കൊളുന്ത് മാത്രമാണ് ഇപ്പോൾ എ.വി.ടി ഫാക്ടറിയിൽ സ്വീകരിക്കുന്നത്. ഇതോടെ കിട്ടുന്ന വിലയ്ക്ക് പച്ച കൊളുന്ത് എജന്റുമാർക്ക് തന്നെ കെട്ടി ഏൽപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇവർ മറ്റ് ചെറുകിട ഫാക്ടറികൾക്ക് ഇതു വിൽക്കും. ഇതിന്റെ പണം ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് കർഷകരുടെ കൈയിലെത്താൻ മാസങ്ങളെടുക്കും. ഇവരെ സഹായിക്കാൻ ബാദ്ധ്യസ്ഥരായ ടീ ബോർഡും ചെറുകിട കർഷകരെ സഹായിക്കുന്നില്ല. അതത് സമയത്തെ തേയിലപ്പൊടിയുടെ മാർക്കറ്റ് വിലയുടെ 15 ശതമാനം കൊളുന്ത് വിലയായി നൽകണമെന്ന് ടീ ബോർഡ് നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. അടിയന്തരമായും സർക്കാർ ഇടപെടണമെന്ന് ചെറുകിട തേയില കർഷകസംഘം ആവശ്യപ്പെടുന്നു.
കൃഷി ഉപേക്ഷിക്കേണ്ടി വരും
അധിക മഴയും മണ്ണിടിച്ചിലും ഉത്പാദനക്കുറവും കാരണം ഹൈറേഞ്ചിലെ തേയില കർഷകർ മേഖല ഉപേക്ഷിക്കാനൊരുങ്ങുകയാണ്. 20 ദിവസങ്ങൾക്ക് മുമ്പ് ഒരു കിലോ പച്ച കൊളന്തിന് 22 രൂപയായിരുന്നു. ഇപ്പോഴാകട്ടെ 12 രൂപയാണ് കർഷകന് ലഭിക്കുന്നത്. പണിക്കൂലി അടക്കം ഉത്പാദനച്ചിലവ് ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. കൊളുന്തുവില നിശ്ചയിക്കാൻ കർഷകർക്കോ കർഷക സംഘങ്ങൾക്കോ അവകാശമില്ല. ഗുണനിലവാരവും ഡിമാന്റും മുതൽ വില നിശ്ചയിക്കുന്നത് വരെ വൻകിട തേയില ഉത്പാദക കമ്പനികളാണ്. അവർ നിശ്ചയിക്കുന്ന സമയത്തും ഫാക്ടറികളിലും കൊളുന്ത് എത്തിച്ചു കിട്ടുന്ന വില വാങ്ങി സംതൃപ്തരാകണം.
ചെലവ് ലക്ഷങ്ങൾ
അമ്പത് സെന്റ് മുതൽ അഞ്ച് ഏക്കർ സ്ഥലത്തുവരെ കൃഷിചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ ഒന്നര ലക്ഷത്തോളം രൂപ പ്രാഥമിക ചെലവ് വരും. തുടർന്നുള്ള വർഷങ്ങളിലെ വളപ്രയോഗം, കുമിൾ കീടനാശിനികൾ തളിക്കൽ, തണൽ ക്രമീകരിക്കൽ, ജലസേചനം, കൊളുന്തെടുക്കൽ തുടങ്ങി ഫാക്ടറികളിൽ കൊളുന്ത് എത്തിച്ച് നൽകുന്നതിനും വൻ തുക വേറെയും ചെലവ് വരുന്നുണ്ട്. ശരാശരി അമ്പത് കിലോഗ്രാം കൊളുന്താണ് ഒരു തൊഴിലാളി ഒരു ദിവസം എടുക്കാറുള്ളത്. 350 രൂപ മുതലാണ് ദിവസ വേതനം. ഇത് ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.