കട്ടപ്പന : ശാസ്ത്രീയ ദ്രവമാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം നടന്നു. ചെയർപേഴ്സൺ ബീനാ ജോബി ഉദ്ഘാടനം നിർവ്വഹിച്ചു .മലിനമായ പുഴകൾ അവയുടെ കൈത്തോടുകൾ, ജലാശയങ്ങൾ എന്നിവ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയാണ് സർക്കാർ തെളിനീരൊഴുകും നവകേരളം ക്യാമ്പൈയ്ൻ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്നത്.നഗരസഭ പരിധിയിൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ വാർഡുകൾ തോറുമുള്ള ജലസമിതിയുടെ രൂപീകരണവും ഉദ്ഘാടന യോഗത്തിൽ വച്ച് നടന്നു. മാലിന്യ സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജല നടത്തം 18 ന് കട്ടപ്പനയാറിന്റെ ഭാഗമായ ഇരുപതേക്കർ പാലത്തിന് സമീപം സംഘടിപ്പിക്കും. ഉദ്ഘാടന യോഗത്തിൽ നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ ഏലിയാമ്മ കുര്യക്കോസ് അദ്ധ്യക്ഷയായി.ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അജിത്കുമാർ , കുഞ്ഞുമോൻ തോമസ്,നഗരസഭാ കൗൺസിലർമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.