തൊടുപുഴ:കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ മധുരപ്പാറ മലമ്പുറത്ത് എം.വി. വിജയനും കുടുംബത്തിനും ഇന്ന് മുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങാം. തൊടുപുഴയിലെ ദീനദയ സേവാട്രസ്റ്റ് പണിതു നൽകുന്ന മനോഹരമായ വീട് ഇനി ഇവർക്ക് സ്വന്തമാണ്.ചെത്തുതൊഴിലാളിയായിരുന്ന വിജയൻ 35 വർഷം മുമ്പ് പനയിൽ നിന്ന് വീണ് കിടപ്പിലായി.കാലപ്പഴക്കത്താൽ ഉണ്ടായ ജീർണ്ണതമൂലം നിലംപതിച്ച തന്റെ വീട് പുനരുദ്ധരിക്കാൻ വിജയനെക്കൊണ്ട് കഴിഞ്ഞിരുന്നില്ല.ഭാര്യ വിലാസിനിക്ക് തൊഴിലുറപ്പിലെ രജിസ്‌ട്രേഷൻ കാർഡുണ്ടെങ്കിലും രോഗങ്ങൾ മൂലം തൊഴിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.വിജയന്റെ ദുരിതജീവിതം കണ്ടറിഞ്ഞ് ദീനദയ സേവാ ട്രസ്റ്റ് അദ്ദേഹത്തിന് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. വാർഡ് മെമ്പർ എം.പി.സുനിതയും ട്രസ്റ്റിന് പൂർണ്ണപിന്തുണയുമായി ഒപ്പം നിന്നു. തിരുവാണിയൂരുള്ള ആപ്റ്റീവ് കണക്ഷൻസ് സിസ്റ്റംസ് വീടിന്റെ നിർമ്മാണത്തിനായി സി.എസ്.ആർ. ഫണ്ട് അനുവദിച്ച് ട്രസ്റ്റിനൊപ്പം നിന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പുതിയ ഭവനം വിജയന് കൈമാറും. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി നന്ദാത്മജാനന്ദയാണ് വീടിന്റെ താക്കോൽദാനം നിർവ്വഹിക്കുന്നത്. ട്രസ്റ്റ് രക്ഷാധികാരി പി.എൻ.എസ്. പിള്ളയുടെ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ റിട്ട. ഐ.ജി. .എസ്. ഗോപിനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും.