ചെറുതോണി: ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇടുക്കിയിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ വാർഷികആഘോഷം നടക്കുന്ന വാഴത്തോപ്പ് ഗവണ്മെന്റ് സ്‌കൂൾ മൈതാനത്തേക്ക് നടന്ന കർഷക മാർച്ചിൽ പ്രതിഷേധം ഇരമ്പി. 2018 മുതൽ പ്രളയം മൂലവും കോവിഡു മൂലവും ജില്ലയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധി അനുഭവിക്കുമ്പോൾ ഇവയൊന്നും വകവയ്ക്കാതെ സർക്കാർ ഒന്നാം വാർഷികത്തിന്റെ പേരിൽ ആഘോഷങ്ങൾ നടത്തുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത് മനുഷ്യത്വരഹിതമാണന്ന് ആരോപിച്ചാണ് വിവിധ കർഷക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ അതിജീവന മാർച്ച് സംഘടിപ്പിച്ചത്. ഇടുക്കിയിൽ നിന്നും ആരംഭിച്ച മാർച്ച് ആഘോഷ വേദിക്ക് ഒന്നര കിലോമീറ്റർ അകലെ ചെറുതോണി പുതിയ പാലത്തിൽ പൊലീസ് തടഞ്ഞു പ്രതിഷേധക്കാരെ തടയുന്നതിനായി ഇടുക്കി എ.എസ് .പി രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തത്. മഴയെ പോലും അവഗണിച്ചു പ്രധിഷേധ പരിപാടികൾക്ക് 100 കണക്കിന് ആളുകൾ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സണ്ണി പൈമ്പള്ളി ആദ്ധ്യക്ഷതവഹിച്ച പ്രധിഷേധയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി. അർ വിനോദ് ഉദ്ഘാടനം ചെയ്തു. അതിജീവനപോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിൽ വിഷയവതരണം നടത്തി.
അഡ്വ. ഡീൻ കുര്യാക്കോസ്എംപി പ്രതിഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.കർഷക രക്ഷാസമിതി ചെയർമാൻ പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ , എ.പി. ബേബി , ജയിംസ് പരമാല തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.