പീരുമേട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടിയെങ്കിലും അപകടമുണ്ടാകാതെ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ ദേശീയ പാത 183ൽ കുമളിയ്ക്ക് സമീപം ചെളിമടയിലാണ് സംഭവം. കറുകച്ചാലിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകാനായി കുമളി വഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ദേശീയ പാതയിലൂടെ പോകുമ്പോൾ വണ്ടിക്ക് മുകളിലേക്ക് പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്ന് കാട്ടു പോത്ത് എടുത്ത് ചാടുകയായിരുന്നെന്ന് ജോജി ചെറിയാൻ പറഞ്ഞു. ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാൽ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കടുവാസങ്കേതത്തോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നു. ഇതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. നിരന്തര ഭീഷണി മൂലം വന്യമൃഗങ്ങളിൽ നിന്ന് ശല്യം ഉണ്ടാകതിരിക്കാനുള്ള സ്ഥിരം സംവിധാനം എന്ന നിലയിൽ ട്രഞ്ച് നിർമ്മിക്കുകയോ, ഇരുമ്പ് വേലി നിർമ്മിക്കുകയോ ചെയ്താൽ ഒരു പരിധി വരെ ഈ വന്യമൃഗങ്ങളെ തടയാൻ കഴിയും.