karthik
മെറ്റൽ ഡിറ്റക്ടിങ് റോവറിന്റെ പ്രവർത്തനം കാണികൾക്ക് വിശദീകരിച്ചു നൽകുന്ന കാർത്തിക്

ഇടുക്കി: കണ്ടുപിടുത്തങ്ങൾക്ക് കൊണ്ട് വിസ്മയം തീർക്കുകയാണ് ഈ പത്താം ക്ലാസുകാരൻ. സർക്കാരിന്റെ വർഷികാഘോഷത്തിന്റെ ഭാഗമായ മേള നഗരിയിൽ സാങ്കേതിക വിദ്യയും കലയും ഒരുപോലെ ഇഷ്ടപ്പെടുന്ന കാർത്തിക് സ്വന്തമായി നിർമ്മിച്ച മെറ്റൽ ഡിറ്റക്ടിങ് റോവറുമായി കാണികളെ അദ്ഭുതപ്പെടുത്തി. മറ്റ് ഗ്രഹങ്ങളിലെ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് റോവർ ഉയോഗിക്കുന്നത്. വണ്ടന്മേട് എം.ഇ.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക് കൃഷ്ണ. അഖിലേന്ത്യാ തലത്തിൽ ഐ.എസ്.ആർ.ഒ, നീതി ആയോഗ്, എ.ഐ.എം എന്നിവർ സംയുക്തമായി സംഘടിപ്പിച്ച എ.ടി.എൽ സ്‌പേസ് ചലഞ്ച് 2021ൽ തിരഞ്ഞെടുക്കപ്പെട്ട 75 കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് കാർത്തിക് കൃഷ്ണയുടേത്. കേരളത്തിൽ നിന്ന് മാത്രം ആയിരത്തിന് മുകളിൽ കണ്ടുപിടുത്തങ്ങളാണ് ചലഞ്ചിൽ അവതരിപ്പിക്കപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രഗത്ഭരായ വിദ്യാർത്ഥികളുമായി മാറ്റുരച്ചാണ് കാർത്തിക് ഈ വിജയത്തിലെത്തി ചേർന്നത്. എല്ലാത്തിനും പൂർണ പിന്തുണ നൽകി പിതാവ് സജിയും കാർത്തിക്കിനൊപ്പമുണ്ട്. തെയ്യം കലാകാരൻ കൂടിയാണ് കാർത്തിക്. ചെറുപ്രായം മുതൽ തെയ്യം അഭ്യസിക്കുന്ന കാർത്തിക് ഭഗവതി തെയ്യമാണ് കെട്ടിയാടുന്നത്. നിരവധി സദസുകളിലും ഉത്സവങ്ങളിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. ഈ ചെറു പ്രായത്തിൽ തന്നെ സ്വയം പര്യാപ്തയുടെ ഉത്തമ ഉദാഹരണമാണ് കാർത്തിക്. സംഗീതത്തെയും ഈ കൊച്ചു മിടുക്കൻ നെഞ്ചോട് ചേർക്കുകയാണ്. കീബോർഡിൽ പ്രഗത്ഭനായ കാർത്തിക് എസ്.പി.സി വിർച്വൽ കലോത്സവത്തിലും സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. ഭാവിയിൽ ഐ.എസ്.ആർ.ഒയുടെ ഭാഗമാകണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. വിസ്മയ കാഴ്ച ഒരുക്കുന്ന വാഴത്തോപ്പ് ഗവ. വൊക്കേഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാ തല പ്രദർശന വിപണന മേള 15ന് അവസാനിക്കും.