 ശക്തമായ പ്രതിഷേധമുയരുന്നു

ഇടുക്കി: ഏലമലക്കാടുകൾ വനഭൂമിയാണെന്ന് കാട്ടി റവന്യൂ വകുപ്പിറക്കിയ ഉത്തരവിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തം. ഹൈക്കോടതി ഉത്തരവ് പ്രകാരം പള്ളിവാസൽ വില്ലേജിൽ സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്ന രണ്ട് ഏക്കർ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏലമല കാടുകളിലെ വനം വകുപ്പിന്റെ അവകാശം സംബന്ധിച്ച് തർക്കം നടക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ദേവികുളം താലൂക്കിലെ പള്ളിവാസൽ വില്ലേജിൽ സ്വകാര്യ വക്തികൾ കൈവശം വച്ചിരിക്കുന്ന രണ്ട് ഏക്കർ മൂന്ന് സെന്റ് ഏലം കുത്തക പാട്ട ഭൂമി തിരിച്ച് പിടിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1897ലെ തിരുവിതാംകൂർ ഗസറ്റിൽ പ്രസിദ്ധീകരിച്ച രാജവിളമ്പരത്തിൽ ട്രാവൻകൂർ ഫോറസ്റ്റ് റഗുലേഷനിൽ സി.എച്ച്.ആർ സംരക്ഷിത വനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ഇത് സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവുകളും ഉദ്ധരിച്ചിരിക്കുന്നു. നേരത്തെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനും മരങ്ങൾ വനം വകുപ്പിന്റെ കീഴിലുമായിരുന്നു. ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ആയിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് സി.എച്ച്.ആർ പട്ടയത്തിലുള്ളത്. ഇതിൽ ഉടുമ്പൻചോലയിലെ ചിന്നക്കനാൽ,​ താവളം ഒഴികെയുള്ള ഭൂമിയെല്ലാം സി.എച്ച്.ആർ ആണ്. ഇനി ഈ ഭൂമി പതിച്ച് നൽകനോ, ഇവിടെ കെട്ടിടങ്ങൾ നിർമ്മിക്കാനോ ആകില്ല. അതിനാൽ ഉത്തരവിനെതിരെ വരും ദിവസങ്ങളിൽ കനത്ത പ്രതിഷേധമുണ്ടാകും.

കർഷകർക്ക് വലിയ തിരിച്ചടി

സി.എച്ച്.ആർ ഭൂമിയിലെ വനം വകുപ്പിന്റെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയിലാണ് റവന്യൂ വകുപ്പിന്റെ ഈ ചുവട് മാറ്റം. ഇത് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലടക്കം സി.എച്ച്.ആർ ഭൂമി പതിച്ച് കിട്ടണമെന്ന ആവശ്യത്തിന് തിരിച്ചടികൂടിയാണ്. ഭൂമിയുടെ സ്വഭാവം സംരക്ഷിത വനമെന്ന് ആകുന്നതോടെ ഇത് പതിച്ച് നൽകാൻ കഴിയാതെയാവും. വാർത്ത പുറത്ത് വന്നതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു.