മുട്ടം: തൊടുപുഴ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയിൽ കാർഡ് എൽ.ഡി.എഫ് നേതാക്കളുടെ കൈവശമുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചതിനെ തുടർന്ന് മുട്ടത്ത് സംഘർഷമുണ്ടായി. സംഘർഷത്തിൽ മൂന്ന് കേരള കോൺഗ്രസ് (എം) പ്രവർത്തകർക്ക് പരിക്കേറ്റു. ജോസ് മാത്യു ഈറ്റക്കുന്നേൽ, ബേബി ഞാറക്കുളം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസ് മാത്യുവിന്റെ കാറും തകർക്കപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. എൽ.ഡി.എഫ് പ്രവർത്തകരുടെ പക്കലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് രംഗത്തെത്തിയത്. എന്നാൽ തങ്ങളുടെ പക്കൽ വ്യാജ കാർഡ് ഇല്ലായിരുന്നെന്ന് എൽ.ഡി.എഫ് നേതാക്കളും പറയുന്നു. തുടർന്നുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്ത് എത്തിയ മുട്ടം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി യു.ഡി.എഫ് പ്രവർത്തകർ മുട്ടം ടൗണിൽ പ്രകടനം നടത്തുകയും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. എന്നാൽ റോഡിൽ നിന്ന് തിരിച്ചറിയൽ കാർഡ് കണ്ടെടുത്തിട്ടുണ്ടെന്നും ഇത് വ്യാജമാണോയെന്ന് സ്ഥിരീകരിക്കേണ്ടത് ബാങ്ക് അധികൃതരാണെന്നും പൊലീസ് പറഞ്ഞു.