ചെറുതോണി: കഞ്ഞിക്കുഴി ഏഴുകമ്പി ഗവ. ഐ.ടി.ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്‌.ഐ- കെ.എസ്.യു സംഘർഷം. വെള്ളിയാഴ്ച വൈകിട്ട് നാലിന് കത്തിപ്പാറതടം ഭാഗത്താണ് സംഘർഷം നടന്നത്. തിരഞ്ഞെടുപ്പിനിടെ കോളേജിനകത്തു കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവച്ചിരുന്നു. തുടർന്ന് കോളേജിന് പുറത്ത് സംഘടിച്ചെത്തിയ ഡി.വൈ.എഫ്‌.ഐ- യൂത്ത്കോൺഗ്രസ് പ്രവർത്തകർ സംഭവത്തിൽ ഇടപെട്ടതോടെ കത്തിപ്പാറതടം ഭാഗത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.