കട്ടപ്പന: നഗരത്തിലെ സമാന്തര റോഡുകളെല്ലാം നവീകരിച്ചപ്പോഴും വെള്ളയാംകുടി എസ്.എം.എൽ - കാണക്കാലിപ്പടി റോഡിനോട് അധികൃതർക്ക് അവഗണനയെന്ന് നാട്ടുകാരുടെ പരാതി. റോഡ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടും വാർഡ് കൗൺസിലർ ഉൾപ്പടെയുള്ളവർ നാളിതുവരെയായി നന്നാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. എസ്.എം.എൽ പടി മുതൽ കാണക്കാലിപ്പടി വരെ മൂന്ന് കിലോമീറ്ററോളമാണ് റോഡിന്റെ ദൈർഘ്യം. ഇതിൽ രണ്ട് കിലോമീറ്റർ പൂർണ്ണമായും ഒരു കിലോമീറ്ററോളം ഭാഗികമായും തകർന്നിട്ടുണ്ട്. കനത്ത മഴ പെയ്താൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്ന ഭാഗത്തെല്ലാം വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഓടകൾ മണ്ണുകയറി അടഞ്ഞതാണ് മഴ വെള്ളം കെട്ടിനിൽക്കാൻ പ്രധാന കാരണം. ജോലിക്കാരും വിദ്യാർത്ഥികളുമടക്കം ദിവസേന നൂറ് കണക്കിന് പേർ സഞ്ചരിക്കുന്ന പാതയാണിത്. മഴ കനത്തുകഴിഞ്ഞാൽ ഇതുവഴി നടന്നു പോകാൻ കഴിയാറില്ലെന്ന് വീട്ടമ്മാർ ഉൾപ്പടെ പരാതിപ്പെടുന്നുണ്ട്. അതേ സമയം മന്ത്രി റോഷി അഗസ്റ്റിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് റോഡ് നവീകരണത്തിനായി നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറുകാർ ടെൻഡർ ഏറ്റെടുക്കാത്തതാണ് നിർമ്മാണം വൈകാൻ കാരണം. പ്രദേശവാസികളുടെ ബുദ്ധിമുട്ട് വ്യക്തമായതിനാൽ വലിയ ഗർത്തങ്ങൾ താത്കാലികമായി അടച്ച് സഞ്ചാര യോഗ്യമാക്കുമെന്നും അടഞ്ഞ ഓടകൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും അഞ്ചാം വാർഡ് കൗൺസിലർ ബീനാ സിബി അറിയിച്ചു.