തൊടുപുഴ: സാമൂഹികവിരുദ്ധ ശല്യം മൂലം പൊറുതിമുട്ടി തൊടുപുഴയിലെ വ്യാപാരികൾ. നഗരത്തിലെ തിരക്കേറിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ പോലും നിർഭയം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുകയാണ്. ഇവർ പൊതുജനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും നേരെ അക്രമം നടത്തുകയാണ്. ഇവരെ അമർച്ച ചെയ്യാനോ ജനങ്ങൾക്കും വ്യാപാരികൾക്കും സംരക്ഷണം നൽകാനോ പൊലീസിന് സാധിക്കുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടലുകൾ ഉണ്ടാക്കാത്തതാണ് ഇത്തരം ആളുകൾക്ക് പ്രോത്സാഹനമാകുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിലെ പരസ്യ മദ്യപാനവും മദ്യപരുടെ അസഭ്യം പറച്ചിലും കൈയ്യാങ്കളിയും സഹിക്കേണ്ട ഗതികേടാണ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കുമുള്ളതെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആരോപിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുത്ത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സമാധാനമായി കച്ചവടം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ്. പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.