തൊടുപുഴ: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് തൊടുപുഴ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ച ഇടതു മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അഡ്മിസ്‌ട്രേറ്റർ ഭരണം കൊണ്ടു വരാനായി ബാങ്ക് പ്രസിഡന്റും സർക്കാരും ചേർന്ന് നടത്തിയ നിഗൂഢ ശ്രമങ്ങളെ നിരന്തരമായി നിയമ പോരാട്ടങ്ങളിലൂടെയാണ് യു.ഡി.എഫ് ചെറുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ നിർബന്ധിതമായത്. നിയമ പ്രകാരം തിരഞ്ഞെടുപ്പ് നടത്താൻ യു.ഡി.എഫ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഏജന്റുമാരെയും വോട്ടർമാരെയും തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കാതെ തല്ലിയോടിച്ച സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.