തൊടുപുഴ: സി.എച്ച്.ആർ വനം ആണെന്ന് പ്രഖ്യാപിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകൻ ഏഴിന് പുറത്തിറക്കിയ റിപ്പോർട്ട് റദ്ദാക്കിയതായി മന്ത്രി റോഷി അഗസ്റ്റ്യൻ. റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർഷകരുടെ ആശങ്ക പങ്കുവച്ച് ഉത്തരവിലെ വിവാദമായ ആറാം ഖണ്ഡിക നീക്കി പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. തുടർന്ന് കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഉത്തരവിലെ ആറാം ഖണ്ഡികയും ഏഴാം ഖണ്ഡികയിലെ ഏതാനും ഭാഗങ്ങളും ഒഴിവാക്കി. പുതിയ സർക്കാർ ഉത്തരവ് വെള്ളിയാഴ്ചത്തെ തീയതിയിൽ പുറത്തിറക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) റവന്യൂ ഭൂമിയാണെന്ന മുൻ നിലപാടിൽ മാറ്റമില്ല. ഇക്കാര്യത്തിൽ കർഷകർക്ക് യാതൊരു തരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.