തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാഗവത കോകിലം ബ്രഹ്മശ്രീ വെൺമണി കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് നാലിന് സിനി ആർടിസ്റ്റ് അനീഷ് രവി സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. കിടങ്ങൂർ ദേവസ്വം മാനേജർ എം.പി. ശ്യാംകുമാർ അദ്ധ്യക്ഷനാകും. രാവിലെ 8.30 മുതൽ എസ്. പത്മഭൂഷന്റെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും പത്ത് മുതൽ ഇസ്കോൺ എറണാകുളം ശാഖയിലെ പ്രസിദ്ധനന്ദദാസ് പ്രഭുവിന്റെ നേതൃത്വത്തിൽ തുളസി ആരതിയും സങ്കീർത്തനവും പ്രഭാഷണവും നടക്കും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന ഔഷധസേവയുടെ കൂപ്പൺ വിതരണം മുൻ ശബരിമല മേൽശാന്തി ആത്രശ്ശേരി രാമൻ നമ്പൂതിരിപ്പാട് നിർവഹിക്കും. ഭാഗവത പാരായണത്തിൽ ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിനെ സ്വാമി അയ്യപ്പദാസ് ആദരിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ ബിസിനസ് മാഗ്‌നറ്റ് പുരസ്‌കാരത്തിന് അർഹനായ മിഥുൻ ജയചന്ദ്രനെയും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ, സെക്രട്ടറി സിജു ബി.പിള്ള, ഭാഗവത സപ്താഹയജ്ഞത്തിന്റെ ചെയർമാൻ മോഹൻകുമാർ കണ്ടത്തിപ്പറമ്പിൽ, ജനറൽ കൺവീനർ പ്രകാശ് ജനാർദ്ദനൻ വരിക്കൽ, എം.ആർ. ജയകുമാർ പുത്തൻമഠത്തിൽ എന്നിവർ പങ്കെടുത്തു.