കട്ടപ്പന: അന്തർദേശീയ തലത്തിൽ നിരോധനമുള്ള മോണോക്രോപ്ടോഫോസ് കീടനാശിനിയുടെ സാന്നിധ്യം കണ്ടത്തിയതോടെ ഇന്ത്യൻ ഏലക്കായ്ക്ക് തിരിച്ചടി. ഇന്ത്യയിൽ നിന്ന് ഖത്തറിലേയ്ക്ക് കയറ്റി അയച്ച ഏലക്കായുടെ സാമ്പിൾ പരിശോധനയിലാണ് ഖത്തർ മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗം നിരോധിത കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഇന്ത്യൻ ഏലക്കായുടെ ഗുണനിലവാരത്തിൽ ഖത്തർ ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങൾ ആശങ്ക അറിയിച്ചിട്ടുണ്ട്. 2022 ഏപ്രിലിൽ ഖത്തറിലേയ്ക്ക് കയറ്റി അയച്ച ഏലക്കായുടെ ലാബോറട്ടറി പരിശോധനയിലാണ് മാരക കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഗുണമേന്മയിൽ ഗ്വാട്ടിമാല ഏലത്തിനേക്കാളും മുൻപന്തിയിലാണ് ഇടുക്കിയിൽ അടക്കം ഉദ്പാദിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഏലത്തിന്റെ സ്ഥാനം. എന്നാൽ ഉത്പാദനം പതിൻമടങ്ങ് വർദ്ധിപ്പിക്കാനായി വൻകിട തോട്ടങ്ങളിൽ ഉപയോഗിക്കുന്ന നിരോധിത കീടനാശിനികളുടെ സാന്നിധ്യം ഏതാനും നാളുകളായി പ്രകടമായതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കാര്യമായി കുറച്ചിരുന്നു. ഇതോടെ ഉത്തരേന്ത്യൻ കച്ചവടക്കാർ കേരളത്തിൽ നിന്ന് ഏലക്കായ കൊണ്ടുപോകുന്നത് കുറയ്ക്കുകയും ചെയ്തു. മികച്ച വില ലഭിച്ചിരുന്ന ഏലത്തിന്റെ വിപണി കൂപ്പുകുത്തുന്നതിന് ഇത് കാരണമായി. യൂറോപ്യന്‍ വിപണിയില്‍ നേരത്തെ തന്നെ ഇന്ത്യൻ ഏലക്കായ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഏലക്കായ പുറന്തള്ളപ്പെട്ട് തുടങ്ങിയതോടെ നിലവിൽ ലഭിക്കുന്ന വില ഇനിയും ഇടിയാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.
അതിമാരക കീടനാശിനി
ചുവന്ന പട്ടികയിൽപ്പെട്ട അതിമാരക കീടനാശിനിയായ മോണോസിൽ കേരളത്തിൽ ഉപയോഗിക്കുന്നതിന് അടുത്തിടെ കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് തോട്ടങ്ങളിൽ ഇവ വ്യാപകമായിട്ടാണ് പ്രയോഗിക്കുന്നത്. തണ്ടുതുരപ്പൻ പുഴുവിനെ നശിപ്പിക്കാനാണ് ഫോസ്ഫറസ് അംശമുള്ള മോണോക്രോപ്ടോഫോസ് ഉപയോഗിക്കുന്നത്. ഈ കീടനാശിനിയുടേതടക്കമുള്ളവയുടെ ഉപയോഗത്തിന് 2017 ലാണ് കേരളസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നിരോധനം ഏർപ്പെടുത്തിയതിന് ശേഷവും തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേയ്ക്ക് മരുന്ന് കടത്ത് നടന്നിരുന്നു. തോട്ടം തൊഴിലാളികളെയുമായെത്തുന്ന വാഹനങ്ങളിലായിരുന്നു മോണോക്രോപ്ടോഫോസ് കടത്തിക്കൊണ്ട് വന്നിരുന്നത്. തോട്ടങ്ങളിൽ പ്രയോഗിക്കാൻ വീണ്ടും അനുമതി ലഭിച്ചതോടെ പ്രദേശിക വിപണികളിൽ മോണോസിലിന് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്.