മൂലമറ്റം: മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തിന് പോയ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 26 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മൂലമറ്റത്തു നിന്ന് പുറപ്പെട്ട ബസ് രാത്രി ഒരു മണിയോടെ അടൂരിനു സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അടൂർ ഡിപ്പോയ്ക്ക് സമീപം കിളിവയലിനും ഏനാത്തിനുമിടയിൽ മഹർഷിക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഡ്രൈവർ ഇടവെട്ടി സ്വദേശി അജിനാസ് കെ.എ, കണ്ടക്ടർ കൊല്ലം സ്വദേശി വേണുകുമാർ എസ്, ഡിപ്പോയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയ കൊല്ലം മീനണ്ണൂർ സ്വദേശി വിനോദ് വി എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഡ്രൈവർ ഇടവെട്ടി സ്വദേശി അജിനാസിന്റെ പരിക്ക് ഗുരുതരമാണ്. കാലിനും ഇടുപ്പെല്ലിനും പൊട്ടലുണ്ട്. പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.