തൊടുപുഴ: യു.ഡി.എഫിന്റെ ബാനറിൽ തൊടുപുഴ കാർഷിക വികസനബാങ്ക് ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രണ്ട് ഗ്രൂപ്പുകൾ നടത്തിയ രഹസ്യനീക്കങ്ങളാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെടാനിടയാക്കിയതെന്ന് എൽ.ഡി.എഫ് നേതാക്കൾ തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടാൻ ഇടയാക്കിയെത്. യു.ഡി.എഫിലെ തന്നെ നേതാക്കളുടെ പ്രവർത്തനം സഹകരണ മേഖലയ്ക്കും ജനാധിപത്യ സംവിധാനത്തിനും കളങ്കം വരുത്തി. വ്യാജ കാർഡുകൾ എത്രത്തോളം വിതരണം ചെയ്തെന്ന് വ്യക്തമല്ലാത്തതിനാൽ തന്നെ നിജസ്ഥിതി പുറത്ത് വരുംവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ.ഐ. ആന്റണി, പി.പി. ജോയി, വി.വി. മത്തായി, കെ.ജെ. ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു. ബാങ്കിന്റെ പുരോഗതി തടസ്സപ്പെടുത്തുന്നതും കർഷക താത്പര്യങ്ങൾ ഹനിക്കുന്നതുമായ കോൺഗ്രസ് പാർട്ടിയുടെ കൈകളിൽ ബാങ്ക് ഭരണം എത്തരുതെന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ. കെ.ഐ. ആന്റണിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ മുന്നണി രംഗത്ത് വന്നത്. ബാങ്ക് പിടിച്ചെടുക്കുന്നതിനുള്ള കോൺഗ്രസ് പാർട്ടിയുടെ ശ്രമം സ്വകാര്യ താത്പര്യം സംരക്ഷിക്കുക എന്നതുമാത്രമാണ്. സഹകരണ സംരക്ഷണമുന്നണി സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും നാട്ടിൻപുറങ്ങളിൽ കർഷക കുടുംബങ്ങൾ സന്ദർശിച്ച് വോട്ട് ചോദിച്ച് നടന്ന സമയത്ത് യു.ഡി.എഫ് പാനലിലെ സ്ഥാനാർത്ഥികളും കോൺഗ്രസ് നേതാക്കളും അടച്ചിട്ട വീട്ടിലിരുന്ന് കള്ളവോട്ടിനുള്ള തിരിച്ചറിയൽ കാർഡുകൾ വ്യാജമായി ഉണ്ടാക്കുകയായിരുന്നു. യു.ഡി.എഫിലെ പ്രമുഖരായ നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ആയിരക്കണക്കിന് വ്യാജ കാർഡുകൾ ഇതിനോടകം കോൺഗ്രസ് പാർട്ടി വിതരണം ചെയ്തു എന്നറിഞ്ഞതുകൊണ്ടാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് സഹകരണ സംരക്ഷണ മുന്നണി ആവശ്യപ്പെട്ടത്. എത്രയും വേഗം ബാങ്കിൽ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി 6ബി രജിസ്റ്റർ ഉണ്ടാക്കി ജനാധിപത്യ മര്യാദകൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.