ഇടുക്കി: കോരിച്ചൊരിയും മഴയിലും തെക്കിന്റെ കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഇരവികുളം ദേശീയ ഉദ്യാനത്തിൽ മാത്രമെത്തിയത് ആറായിരം പേരാണ്. ഇന്നലെ 2963 പേരാണ് ഉദ്യാനത്തിലെത്തിയത്. വരയാടുകളുടെ പ്രജനനത്തിന് ശേഷം ഏപ്രിൽ ഒന്ന് മുതലാണ് പാർക്ക് സഞ്ചാരികൾക്കായി തുറന്നത്. കൊവിഡ് ലോക്ക് ഡൗൺ ഇളവുകൾ വന്നതിന് ശേഷം വിഷു- ഈസ്റ്റർ അവധി മുതലാണ് മൂന്നാറിൽ തിരക്ക് വർദ്ധിച്ചത്. മൂന്നാറിലെ ഹോട്ടലുകളും ഹോംസ്റ്റേകളും റിസോർട്ടുകളുമെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. ഞായറാഴ്ചയായതിനാൽ ഇന്ന് തിരക്ക് ഇരട്ടിയാവും. മൂന്നാർ പുഷ്പമേള കാണാനും നിരവധി സഞ്ചാരികളെത്തുന്നുണ്ട്. ഇതിനകം 75,​000 പേരാണ് പുഷ്പമേള കണ്ടത്. സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് പുഷ്പമേള ഇന്ന് വരെ നീട്ടിയിരുന്നു. എല്ലാവരും മല കയറിയതോടെ മൂന്നാറിലേക്കുള്ള റോഡ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള അടിമാലി മുതൽ വാഹനങ്ങളുടെ നീണ്ടനിര കാണാം. സാധാരണഗതിയിൽ ഒരു മണിക്കൂറിനകത്ത് അടിമാലിയിൽ നിന്ന് മൂന്നാറിലെത്തേണ്ടതാണ്. തിരക്ക് കൂടിയതോടെ രണ്ടും മൂന്നും മണിക്കൂറാണ് വേണ്ടിവരുന്നത്. ചീയപ്പാറ ഭാഗത്ത് മഴയിൽ ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതും കുരുക്ക് വർദ്ധിപ്പിച്ചു. മാട്ടുപ്പെട്ടി ജലാശയത്തിലെ ബോട്ടിംഗ്, ഇരവികുളം ദേശീയ ഉദ്യാനം, ടോപ്പ് സ്റ്റേഷൻ എന്നിവയാണ് മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. മണിക്കൂറുകളോളം കുരുക്കിലകപ്പെടുന്നതിനാലും ഓരോ കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലും ഇവയെല്ലാം കാണാനാകാതെ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. പാർക്കിംഗ് സംവിധാനമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർക്ക് മാത്രമാണ് കുരുക്കിലകപ്പെടാതെ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനാവുന്നത്.