തൊടുപുഴ: സംഘർഷാവസ്ഥയെ തുടർന്ന് തൊടുപുഴ കാർഷിക വികസന ബാങ്ക് ഭരസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി. രാവിലെ ഒമ്പതിന് പോളിംഗ് സ്റ്റേഷനായ ഡോ. എ.പി.ജെ അബ്ദുൾ കലാം ഹയർസെക്കൻഡറി സ്‌കൂളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചെങ്കിലും 10.30 ആയിട്ടും ഒരു വോട്ടു പോലും രേഖപ്പെടുത്താനായില്ല. വോട്ടു ചെയ്യാനെത്തിയവരെ എൽ.ഡി.എഫ് പ്രവർത്തകർ സ്‌കൂൾ ഗേറ്റിൽ തടഞ്ഞതോടെയാണ് ആർക്കും വോട്ടു ചെയ്യാൻ കഴിയാതെ വന്നത്. ഇതോടെ തിരഞ്ഞെടുപ്പ് മാറ്റിയതായി വരണാധികാരി അറിയിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.എൻ. സീതി, വനിതാ സിവിൽ പൊലീസ് ഓഫീസർ നീതു കൃഷ്ണൻ എന്നിവരുൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസിന്റെയും കേരള കോൺഗ്രസ് എം സംസ്ഥാന ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ.ആന്റണിയുടെയും നേതൃത്വത്തിലുള്ള മുന്നണികൾ തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. ജയന്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി പൊലീസ് പിടികൂടിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നയിക്കുന്ന സഹകരണ സംരക്ഷണ മുന്നണി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് ആരംഭിച്ചതു മുതൽ സ്ഥലത്ത് സംഘർഷാവസ്ഥ നില നിന്നിരുന്നു. വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ വോട്ടു ചെയ്യാനെത്തിയവരെ സ്ഥലത്തുണ്ടായിരുന്ന എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസിനെയും തടഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.
തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചു: യു.ഡി.എഫ്
തൊടുപുഴ: കാർഷിക വികസനബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം കൈക്കരുത്തിലൂടെ അട്ടിമറിച്ചതായി യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. താനടക്കമുള്ള സ്ഥാനാർത്ഥികളെയും പോളിംഗ് ഏജന്റുമാരെയും ബൂത്തിനുള്ളിലേക്ക് കടത്തിവിടാതെ സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ 150 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് സ്ഥാനാർത്ഥി പി.എൻ. സീതിയും മറ്റൊരു പ്രവർത്തകനും ആശുപത്രിയിൽ ചികിത്സയിലാണ്. യു.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നു. സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്ന നടപടിയാണ് ഡിവൈ.എസ്.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കവും നടത്തിയത്. പരാജയഭീതി മൂലം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നീതിയുക്തമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ് എന്നിവരും പങ്കെടുത്തു.