നെടുങ്കണ്ടം : കാലപ്പഴക്കംവന്നതോ അപകടത്തിൽ ഒടിഞ്ഞ്പോകുന്നതോ ആയ വൈദ്യുതപോസ്റ്റുകൾ മാറിയിടാൻ നിർവ്വാഹമില്ലാതെ നെടുങ്കണ്ടം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്. പുതിയ വൈദ്യുതപോസ്റ്റുകൾ ഇവിടെ ലഭ്യമല്ലാതായിട്ട് മാസങ്ങളായതാണ് പ്രതിസന്ധിക്ക് കാരണം. കൂനിൻമേൽ കുരുവെന്നപോലെ തകരാർ പരിഹരിക്കാൻ ഉപകരണങ്ങളുമായെത്താൻ വാഹനവുമില്ല.
ഇതോടെ വൈദ്യുതി തകരാർ പരിഹരിക്കാൻ പ്രയാസപ്പെടുകയാണ് ഉദ്യോഗസ്ഥർ. ഉണ്ടായിരുന്ന ജീപ്പിന്റെ കരാർ കാലാവധി നീട്ടി കിട്ടാത്തതു കൊണ്ടും വൈദ്യുത പോസ്റ്റിന്റെ ക്ഷാമം മൂലവും നെടുങ്കണ്ടം കെ. എസ്. ഇ. ബി.സെക്ഷൻ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ജീപ്പിലാണ് വൈദ്യുത തകരാർ പരിഹരിക്കുന്നതിന് ജീവനക്കാർ സഞ്ചരിക്കുന്നത്. വൈദ്യുത കമ്പികളും, ഫീസുകളും, കാരിയറുകളും അടക്കം ജീപ്പിൽ കയറ്റി ജോലികൾ നടക്കുന്ന സ്ഥലത്ത് എത്തിക്കാൻ സാധിക്കുന്നില്ല. അത്കൊണ്ട് തന്നെ തകരാറുകൾ യഥാസമയം പരിഹരിക്കാൻ കഴിയാതെപോവുകയാണ്.വൈകുന്നേരമുണ്ടാകുന്ന തകരാറുകൾ രാവിലെ എത്തിയാണ് പരിഹരിക്കുന്നത്. ഇതോടെ ഉപഭോക്താക്കളുടെ പരാതികൾ ഏറുകയാണ്.ഈ പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
പഴികേട്ട് ജീവനക്കാർ
മഴക്കാലത്ത് കൂടുതൽ നാശനഷ്ടം കെഎസ്ഇബിക്ക് സംഭവിക്കുന്നത് നെടുങ്കണ്ടം സെക്ഷന് കീഴിലാണ്. ഈ സമയത്ത് വൈദ്യുത ബന്ധം പുനസ്ഥാപിക്കണമെങ്കിൽ വാഹനം വേണം.കൂടുതൽ ദൂരം ഓടിയെത്തേണ്ട ഇടങ്ങളാണ് ഏറെയും. വൈദ്യുത പോസ്റ്റിന്റെ ക്ഷാമം അനുഭപ്പെട്ട് തുടങ്ങിയിട്ട് മാസം രണ്ടര പിന്നിട്ടു. പുതിയത് എത്തിക്കാനും നടപടിയില്ല. ഇതാടെ ഉപഭോക്താക്കളുടെ പഴികേൾക്കേണ്ടിവരുക ജീവനക്കാർക്കാണ്.