ചെറുതോണി: കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന ഭൂ വിനിയോഗ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനും ആർജ്ജവമുണ്ടെന്ന് സിപി എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് പതിറ്റാണ്ടിലധികമായി ജില്ലയിലെ കർഷകരെ കുടിയേറ്റ മണ്ണിൽ ഉറപ്പിച്ച് നിർത്തിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കർഷക മുന്നേറ്റത്തിന്റെ നാഴികക്കല്ലായ ഭൂപരിഷ്‌ക്കരണത്തെ എതിർത്തതും ജില്ലയിലെ കർഷകരെ കുടിയിറക്കാൻ ഉത്തരവിട്ടതും 1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങൾ കൊണ്ടുവന്ന് കർഷകരെ വരിഞ്ഞുമുറുക്കിയതും കോൺഗ്രസ്സാണ്. ഐതിഹാസികമായ അമരാവതി ചുരുളി കീരിത്തോട് കുടിയിറക്ക് വിരുദ്ധ സമരങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് കുടിയിറക്കാൻ ഉത്തരവിട്ടവർ പുതിയ കാലത്തിൽ പരിസ്ഥിതിയുടെ പേര് പറഞ്ഞ് കുടിയിറക്കാനുള്ള ഗൂഢനീക്കമാണ് നടത്തിയത്. ഇടുക്കിയുടെ കർഷക ചരിത്രത്തിന്റെ വസ്തുത ഇതായിരിക്കെ കോൺഗ്രസ്സിന്റെ എംപിയേയും കൂട്ടി സമരത്തിന് വരുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ കർഷകർ തള്ളിക്കളയും. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് നടപ്പിലാക്കാൻ ഉത്തരവ് വാങ്ങിച്ച കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളെയും കൂടി സമരത്തിൽ കൂട്ടാൻ പോരാട്ട വേദി തയ്യാറാകണം. സിപി എം ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.