ഇടുക്കി: ജില്ലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പരമാവധി ഭൂപ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതല ആഘോഷവും പ്രദർശന മേളയും ഈ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായി മാറി. ജില്ലയിലെ കഴിയുന്നത്ര കർഷകർക്ക് പട്ടയം നൽകാൻ സർക്കാർ നടപടി സ്വീകരിക്കും. കർഷകർക്കൊപ്പമാണ് ഈ സർക്കാർ. കൊവിഡ് കാലത്ത് ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളേതുമില്ലാതെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ സംരക്ഷണ കവചം തീർത്ത സർക്കാരാണിത്. ജില്ലയുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. കേരളത്തിൽ ആദ്യമായി വരാൻ പോകുന്ന ഇറിഗേഷൻ മ്യൂസിയം ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ജില്ലാ ഹെഡ്‌കോട്ടേഴ്‌സിന്റെ രൂപവും ഭാവവും മാറണം. പ്രധാനപ്പെട്ട റോഡുകളൊക്കെയും ബി എം ബി സി നിലവാരത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ രംഗത്ത് വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ മാറ്റങ്ങളുണ്ടാകണം. ഇടുക്കി മെഡിക്കൽ കോളേജിന്റെ അപാകതകളെ കുറിച്ചാണ് കൂടുതൽ ചർച്ചകൾ നടക്കുന്നത്. ആറ് മാസങ്ങൾ കൊണ്ട് നൂറോളം ഡോക്ടർമാരെയുൾപ്പെടെ നിയമിച്ച് മെഡിക്കൽ കോളേജിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരും. അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.