bridge
വെള്ളിയാമറ്റം- പന്നിമറ്റം റൂട്ടിലെ ചപ്പാത്ത്

പന്നിമറ്റം: വെള്ളിയാമറ്റം- പന്നിമറ്റം റൂട്ടിലെ ചപ്പാത്തിന് പകരം പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസവും വാഹനങ്ങളിലടക്കം നിരവധി പേർ കടന്നുപോകുന്ന ചപ്പാത്ത് മുങ്ങാൻ ഒരു മഴ പെയ്താൽ മതി. പന്നിമറ്റത്ത് പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ആയുർവേദാശുപത്രി, നിരവധി സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളിലേക്ക് എത്താൻ ചപ്പാത്ത് കടക്കണം. ദേവരുപാറ, കുരുതിക്കളം, വെള്ളിയാമറ്റം, പൂച്ചപ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പന്നിമറ്റത്ത് എത്താനും ചപ്പാത്ത് കടക്കണം. പഞ്ചായത്ത് ഓഫീസിനു മീറ്ററുകൾ മാത്രം അടുത്താണ് ചപ്പാത്ത്. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലും മറ്റ് ഓഫീസുകളിലും എത്തുന്നവരും വെള്ളിയാമറ്റം മൂലമറ്റം ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും മഴക്കാലത്ത് മണിക്കൂറുകൾ വടക്കനാറിന് ഇരുകരയിലും വെള്ളമിറങ്ങിപ്പോകാൻ കാത്തു നിൽക്കണം. വടക്കനാർ കരകവിയുന്നതോടൊപ്പം മാലിന്യവും ചപ്പാത്തിൽ അടിഞ്ഞുകൂടും. ഇതോടെ യാത്ര തുടരണമെങ്കിൽ മാലിന്യം നീക്കം ചെയ്യേണ്ട അവസ്ഥയാണ്. അതിനാൽ എത്രയും വേഗം ചപ്പാത്തിന് പകരം പാലം പണിയണമെന്ന് കോൺഗ്രസ് എസ് ജില്ല ജനറൽ സെക്രട്ടറി അനിൽ രാഘവൻ ആവശ്യപ്പെട്ടു.