തൊടുപുഴ: ഖുർആൻ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരമായ തർതീൽ ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻഡ് ഫിനാലെ ഇന്ന് കുമ്പംകല്ല് പാലിയത്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ആറായിരത്തോളം യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ വ്യത്യസ്ത തലങ്ങളിൽ മത്സരിച്ചാണ് സംസ്ഥാന മത്സരത്തിനെത്തുന്നത്. ഖുർആൻ പാരായണ മത്സരം, ഹിഫ്‌ള്, ക്വിസ്, ഖുർആൻ പ്രഭാഷണം, ആയത്ത് മത്സരം, ഖുർആൻ ടെസ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലിയുടെ അദ്ധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫറൂഖ് നൗമി ഉദ്ഘാടനം ചെയ്യും. ഏഴ് വ്യത്യസ്ത ഖുർആൻ ശൈലികളുടെ അവതരണംപരിപാടിയുടെ ഭാഗമായി നടക്കും.സൈനുൽ ആബിദ് താമരശ്ശേരി ,എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, ഹാഫിള് ശമീർ അസ്ഹരി സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ജനറൽ സെക്രട്ടറി സി.എൻ. ജാഫർ ഉദ്ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സി. എൻ. ജാഫർ, സെക്രട്ടറി കെ. ബി. ബഷീർ, പ്രവർത്തക സമിതി അംഗം അബ്ദുൽ റൗഫ് മിസ്ബാഹി, അജ്മൽ സഖാഫി, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.